മലപ്പുറം: സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ മലപ്പുറത്തിൻറെ അടുത്ത എവേ പോരാട്ടം പൂരങ്ങളുടെ നാടായ തൃശ്ശൂരിൽ. 14-ാം തീയ്യതി വെള്ളിയായ്ച തൃശ്ശൂർ മാജിക് എഫ്സിയുടെ തട്ടകമായ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് ആണ് മത്സരം. എസ്എൽകെയിൽ ഇതാദ്യമായാണ് തൃശ്ശൂർ മാജിക് തങ്ങളുടെ സ്വന്തം കാണികൾക്ക് മുമ്പിൽ പന്ത് തട്ടാനൊരുങ്ങുന്നത്.
എംഎഫ്സിയുടെ രണ്ടാം എവേ മത്സരമാണ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്നത്. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സീസണിലെ ആദ്യ ഹോം മത്സരത്തിൽ ഒരു ഗോളിന് മലപ്പുറം തൃശ്ശൂരിനെ പരാജയപ്പടുത്തിയിരുന്നു. റോയ് കൃഷ്ണയാണ് അന്ന് പെനാൽട്ടിയിലൂടെ മലപ്പുറത്തിന് വേണ്ടി വിജയഗോൾ നേടിയത്.നിലവിൽ ലീഗിൽ തോൽവിയറിയാത്ത ഏക ടീമാണ് മലപ്പുറം എഫ്സി.
അഞ്ച് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി തൃശൂർ നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണുള്ളത്. മലപ്പുറമാണെങ്കിൽ അഞ്ച് മത്സരങ്ങളിൽ നിന്നും 9 പോയിൻറോടെ തൊട്ട് പിന്നിൽ മൂന്നാം സ്ഥാനത്ത് തന്നെയുണ്ട്. ആറ് മത്സരങ്ങളിൽ നിന്നും 11 പോയിൻറുള്ള കാലിക്കറ്റ് എഫ്സിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഈ കളി ജയിച്ച് ടേബിളിൽ വീണ്ടും ഒന്നാമതെത്തുകയാണ് മലപ്പുറത്തിന്റെ ലക്ഷ്യം.














