ഷാർജ: 2026-ൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ഐസിസി ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി വെസ്റ്റ് ഇൻഡീസും അഫ്ഗാനിസ്ഥാനും ഷാർജയിൽ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 അന്താരാഷ്ട്ര (T20I) പരമ്പരയിൽ ഏറ്റുമുട്ടും. ജനുവരി 19 മുതൽ 22 വരെയാണ് പരമ്പര നടക്കുക. ലോകകപ്പ് ആരംഭിക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുൻപാണ് ഈ നിർണ്ണായക പോരാട്ടം.

ഈ മത്സരങ്ങൾ കരീബിയൻ ടീമിന് വിലപ്പെട്ട പരിശീലനമാവുമെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് ഡയറക്ടർ ഓഫ് ക്രിക്കറ്റ് മൈൽസ് ബാസ്‌കോംബ് പറഞ്ഞു. ലോകകപ്പിൽ പ്രതീക്ഷിക്കുന്നതിന് സമാനമായ ഉപഭൂഖണ്ഡത്തിലെ പിച്ചുകളിൽ ടീമിന്റെ കോമ്പിനേഷനുകൾ പരീക്ഷിക്കാനും ആത്മവിശ്വാസം നേടാനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ട്വന്റി-20 ലോകകപ്പിന് സഹആതിഥേയത്വം വഹിച്ച വെസ്റ്റ് ഇൻഡീസ് സൂപ്പർ എട്ടിൽ എത്തിയിരുന്നെങ്കിലും സെമിഫൈനൽ ഉറപ്പിക്കാൻ സാധിച്ചിരുന്നില്ല.
എന്നാൽ, കഴിഞ്ഞ ലോകകപ്പിൽ ആദ്യമായി ട്വന്റി-20 ലോകകപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ച് അഫ്ഗാനിസ്ഥാൻ ചരിത്രം സൃഷ്ടിച്ചിരുന്നു. ഷാർജ പരമ്പര തങ്ങളുടെ സ്ക്വാഡിനെയും തന്ത്രങ്ങളെയും മെച്ചപ്പെടുത്താൻ നിർണായകമാകുമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സിഇഒ നസീബ് ഖാൻ അഭിപ്രായപ്പെട്ടു.














