ന്യൂഡൽഹി: ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ജവഹർലാൽ നെഹ്റു സ്റ്റേഡിയം പൊളിച്ചുനീക്കി പകരം 102 ഏക്കറിൽ പുതിയ ‘സ്പോർട്സ് സിറ്റി’ സ്ഥാപിക്കാൻ ഒരുങ്ങുന്നു. നിലവിൽ നിർദ്ദേശ ഘട്ടത്തിലുള്ള ഈ വലിയ പദ്ധതി, അത്യാധുനിക കായിക സൗകര്യങ്ങൾ, അത്ലറ്റുകൾക്കുള്ള താമസസ്ഥലങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

പദ്ധതി ആരംഭിക്കുന്നതോടെ സ്റ്റേഡിയത്തിനുള്ളിലെ നാഷണൽ ആന്റി ഡോപ്പിംഗ് ഏജൻസി (NADA), നാഷണൽ ഡോപ് ടെസ്റ്റിംഗ് ലബോറട്ടറി (NDTL), ആദായ നികുതി വകുപ്പ് തുടങ്ങിയ എല്ലാ ഓഫീസുകളും മാറ്റി സ്ഥാപിക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു.
1982-ലെ ഏഷ്യൻ ഗെയിംസിനായി നിർമ്മിക്കുകയും 2010-ലെ കോമൺവെൽത്ത് ഗെയിംസിനായി നവീകരിക്കുകയും ചെയ്ത ഈ സ്റ്റേഡിയം ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് വേദിയായിട്ടുണ്ട്. എന്നിരുന്നാലും, നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായി ഉപയോഗിക്കപ്പെടുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. പുതിയ സ്പോർട്സ് സിറ്റി ദോഹയിലെ സ്പോർട്സ് സിറ്റി, മെൽബണിലെ ഡോക്ക്ലാൻഡ്സ് സ്റ്റേഡിയം തുടങ്ങിയ അന്താരാഷ്ട്ര മാതൃകകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രൂപകൽപ്പന ചെയ്യുന്നത്. ഇത് വിവിധ കായിക ഇനങ്ങളിലെ അത്ലറ്റുകൾക്ക് ലോകോത്തര പരിശീലന, മത്സര സൗകര്യങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നു.














