തായ്‌ലൻഡിൽ നടക്കുന്ന എ.എഫ്.സി. അണ്ടർ 20 വനിതാ ഏഷ്യൻ കപ്പ് 2026-ൽ ഇന്ത്യയ്ക്ക് കടുപ്പമേറിയ ഗ്രൂപ്പ്. ‘യങ് ടൈഗ്രസസ്’ എന്നറിയപ്പെടുന്ന ഇന്ത്യൻ അണ്ടർ 20 വനിതാ ഫുട്ബോൾ ടീം ഗ്രൂപ്പ് സിയിലാണ് ഇടംപിടിച്ചത്. ഫുട്ബോൾ ശക്തികളായ ജപ്പാൻ, ഓസ്‌ട്രേലിയ, ചൈനീസ് തായ്‌പേയ് എന്നിവർക്കൊപ്പം എത്തിയതോടെ ഇത് ടൂർണമെന്റിലെ ഏറ്റവും കഠിനമായ ഗ്രൂപ്പുകളിലൊന്നായി മാറി.
2026 ഏപ്രിൽ 1 മുതൽ 18 വരെയാണ് മത്സരം നടക്കുന്നത്. 2006-ന് ശേഷം ആദ്യമായാണ് ഇന്ത്യ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ആറുതവണ ചാമ്പ്യൻമാരായ ജപ്പാനാണ് ഗ്രൂപ്പ് സിയിലെ പ്രമുഖ ടീം. ഓസ്‌ട്രേലിയയും ചൈനീസ് തായ്‌പേയും ഗ്രൂപ്പിലെ മറ്റു എതിരാളികളാണ്. യോഗ്യതാ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി പോട്ട് 4-ൽ ഇടംപിടിച്ച ഇന്ത്യക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. എങ്കിലും ചരിത്രപരമായ ഒരു മുന്നേറ്റം നടത്താമെന്ന പ്രതീക്ഷയിലാണ് ടീം. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർക്കൊപ്പം ഏറ്റവും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും.
സെമിഫൈനലിൽ എത്തുന്ന നാല് ടീമുകൾക്ക് പോളണ്ടിൽ നടക്കുന്ന ഫിഫ അണ്ടർ 20 വനിതാ ലോകകപ്പ് 2026-ൽ കളിക്കാനും അവസരം ലഭിക്കും.















