എംഎൽഎസ് കപ്പ് പ്ലേഓഫ്സിന്റെ ആദ്യ റൗണ്ട് ടൈബ്രേക്കറിൽ നാഷ്വില്ലെ എസ്സിക്കെതിരെ 4-0ന്റെ ആധിപത്യമുള്ള പ്രകടനവുമായി ഇന്റർ മയാമി ചരിത്ര വിജയം കുറിച്ചു. ഫ്ലോറിഡ ക്ലബിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു ചരിത്രപരമായ രാത്രിയായിരുന്നു.
ലയണൽ മെസ്സി ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്തു. കരിയറിലെ തന്റെ 400-ാമത് അസിസ്റ്റ് കുറിക്കാനും മെസ്സിക്ക് ആയി.

ഈ വിജയത്തോടെ ഇന്റർ മിയാമി അവരുടെ ചരിത്രത്തിൽ ആദ്യമായി എംഎൽഎസ് കപ്പ് കോൺഫറൻസ് സെമി ഫൈനലിൽ പ്രവേശിച്ചു. അവിടെ ഈ മാസം അവസാനം നടക്കുന്ന എവേ മത്സരത്തിൽ അവർ എഫ്സി സിൻസിനാറ്റിയെ നേരിടും.
ഫോർട്ട് ലോഡർഡെയിലിലെ ചേസ് സ്റ്റേഡിയത്തിൽ നടന്ന മത്സരം മിയാമി മുന്നേറ്റത്തോടെയാണ് ആരംഭിച്ചത്. മെസ്സി തന്റെ തനത് ശൈലിയിലുള്ള ഓട്ടത്തിലൂടെയും മികച്ച ഫിനിഷിലൂടെയും ആദ്യ ഗോൾ നേടി. തുടർന്ന് ജോർഡി ആൽബ, യുവ സ്ട്രൈക്കർ സിൽവെറ്റി എന്നിവരുമായി നടത്തിയ മികച്ച മുന്നേറ്റത്തിലൂടെ അദ്ദേഹം ലീഡ് ഇരട്ടിയാക്കി. ബുസ്കെറ്റ്സും ഡി പോളും നയിച്ച മിയാമിയുടെ ഊർജ്ജസ്വലമായ മധ്യനിരയെ നേരിടാൻ നാഷ്വില്ലിന് കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ, മെസ്സിയുടെ അസിസ്റ്റിൽ ടാഡിയോ അല്ലെൻഡെ രണ്ട് ഗോളുകൾ കൂടി കൂട്ടിച്ചേർത്തതോടെ മിയാമി അനായാസം വിജയം സ്വന്തമാക്കി.














