ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നാലാം മത്സരത്തിൽ ചെൽസിയെ സമനിലയിൽ തളച്ചു അസർബൈജാൻ ടീം ആയ ഖരാബാഗ്. ചെൽസിക്ക് ഒപ്പം എല്ലാ അർത്ഥത്തിലും സമാസമം പിടിച്ചു നിന്ന അവർ അർഹിച്ച സമനില ആണ് നേടിയത്. മത്സരത്തിൽ 16 മത്തെ മിനിറ്റിൽ എസ്റ്റവയുടെ ഗോളിൽ ചെൽസി ആണ് മുന്നിൽ എത്തിയത്. 29 മത്തെ മിനിറ്റിൽ ലിയാൻഡ്രോ ആൻഡ്രഡയുടെ ഗോളിൽ അസർബൈജാൻ ടീം സമനില ഗോൾ നേടി. 39 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട മാർക്കോ ജെൻകോവിച് ഖരാബാഗിനു ആദ്യ പകുതിയിൽ തന്നെ മുൻതൂക്കവും നൽകി.

രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അലക്സാൻഡ്രോ ഗർനാചോ ചെൽസിക്ക് സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് വിജയഗോളിന് ആയി ചെൽസി ശ്രമിച്ചെങ്കിലും ഖരാബാഗ് പ്രതിരോധം ഗോൾ വഴങ്ങിയില്ല. നിലവിൽ നാലു മത്സരങ്ങൾക്ക് ശേഷം 7 പോയിന്റുകൾ ആണ് ഇരു ടീമുകൾക്കും ഉള്ളത്. അതേസമയം മറ്റൊരു മത്സരത്തിൽ സ്പാനിഷ് ടീം വിയ്യറയലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച സൈപ്രസ് ടീം പഫോസ് അവരുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ജയം നേടി. 46 മത്തെ മിനിറ്റിൽ ഹെഡറിലൂടെ ഡെറിക് ലക്കസൻ ആണ് ചരിത്ര ഗോൾ നേടിയത്. നിരവധി അവസരങ്ങൾ സൃഷ്ടിക്കാൻ ആയെങ്കിലും വിയ്യറയലിനു പക്ഷെ പരാജയം ഒഴിവാക്കാൻ ആയില്ല.














