ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ബെൽജിയം ക്ലബ് യൂണിയനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു അത്ലറ്റികോ മാഡ്രിഡ്. ഉഗ്രൻ ഫോമിലുള്ള യൂലിയൻ ആൽവരസ്, കോണർ ഗാലഹർ, യോറന്റെ എന്നിവർ സ്പാനിഷ് ക്ലബിന് ആയി ഗോളുകൾ നേടി. അതേസമയം ടോട്ടനം കോപ്പൻഹേഗനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു. ബ്രണ്ണൻ ജോൺസൻ, വിൽസൻ ഒഡോബർട്ട് എന്നിവർ 51 മിനിറ്റിനുള്ളിൽ അവർക്ക് ആയി 2 ഗോളുകൾ നേടി. എന്നാൽ 57 മത്തെ മിനിറ്റിൽ ബ്രണ്ണൻ ജോൺസൻ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോയതോടെ ടോട്ടനം 10 പേരായി ചുരുങ്ങി.

എന്നിട്ടും 64 മത്തെ മിനിറ്റിൽ സ്വന്തം പോസ്റ്റിൽ നിന്നു അവിശ്വസനീയം ആയ ഒരു സ്പ്രിന്റിന് ഒടുവിൽ അതുഗ്രൻ ഗോൾ നേടിയ മിക്കി വാൻ ഡെ വെൻ ടോട്ടനം ജയം ഉറപ്പിച്ചു. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സോളോ ഗോളുകളിൽ ഒന്നായി അടയാളപ്പെടുത്താവുന്ന ഗോൾ ആയിരുന്നു ഇത്. 3 മിനിറ്റിനുള്ളിൽ നാലാം ഗോളും നേടിയ പളീനിയോ ടോട്ടനം ജയം പൂർത്തിയാക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ റിച്ചാർലിസൺ ടോട്ടനത്തിന് പെനാൽട്ടി പക്ഷെ ബാറിൽ അടിച്ചു കളഞ്ഞു. അതേസമയം യുവന്റസ് സ്പോർട്ടിങ് ലിസ്ബണിനോട് 1-1 ന്റെ സമനില വഴങ്ങി. മൊണാകോ ബോഡോയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നപ്പോൾ ഒളിമ്പിയാകോസ് പി.എസ്.വി മത്സരവും 1-1 നു അവസാനിച്ചു. 93 മത്തെ മിനിറ്റിൽ റിക്കാർഡോ പെപി പി.എസ്.വിക്ക് സമനില ഗോൾ സമ്മാനിക്കുക ആയിരുന്നു.














