രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ കർണ്ണാടകയ്ക്ക് മികച്ച വിജയം

Newsroom

Picsart 25 11 04 16 11 34 824
Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് കർണ്ണാടകയോട് തോൽവി. ഒരിന്നിങ്സിനും 164 റൺസിനുമാണ് കർണ്ണാടക കേരളത്തെ തകർത്തത്. ആദ്യ ഇന്നിങ്സിൽ 348 റൺസിൻ്റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്ത കേരളം രണ്ടാം ഇന്നിങ്സിൽ 184 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ മൊഹ്സിൻ ഖാൻ്റെ ബൌളിങ്ങാണ് രണ്ടാം ഇന്നിങ്സിൽ കേരളത്തെ തകർത്തത്.

1000320430

സമനിലയെന്ന ലക്ഷ്യത്തോടെ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ പ്രഹരമേറ്റു. കളി തുടങ്ങി രണ്ടാം ഓവറിൽ തന്നെ കേരളത്തിന് രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഒൻപത് റൺസെടുത്ത നിധീഷിനെ വിദ്വത് കവേരപ്പ കരുൺ നായരുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ അക്ഷയ് ചന്ദ്രൻ ക്ലീൻ ബൌൾഡായി. നിലയുറപ്പിക്കും മുൻപെ ക്യാപ്റ്റൻ മൊഹമ്മദ് അസറുദ്ദീനും പുറത്തായതോടെ മൂന്ന് വിക്കറ്റിന് 40 റൺസെന്ന നിലയിലായിരുന്നു കേരളം. ശിഖർ ഷെട്ടിയുടെ പന്തിൽ കെ എൽ ശ്രീജിത് ക്യാച്ചെടുത്താണ് 15 റൺസെടുത്ത അസറുദ്ദീൻ മടങ്ങിയത്.

തുടർന്നെത്തിയ അഹ്മദ് ഇമ്രാനും കൃഷ്ണപ്രസാദും ചേർന്ന് നാലാം വിക്കറ്റിൽ 57 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും നിലയുറപ്പിച്ചെന്ന് തോന്നിയ ഘട്ടത്തിലാണ് കൃഷ്ണപ്രസാദിനെ ക്ലീൻ ബൌൾഡാക്കി മൊഹ്സിൻ ഖാൻ തൻ്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 33 റൺസായിരുന്നു കൃഷ്ണപ്രസാദ് നേടിയത്. തൊട്ടു പിറകെ 23 റൺസെടുത്ത അഹ്മദ് ഇമ്രാനെ മനോഹരമായൊരു റിട്ടേൺ ക്യാച്ചിലൂടെ മൊഹ്സിൻ തന്നെ പുറത്താക്കി. സച്ചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന് ചെറുത്തുനില്പിന് തുടക്കമിട്ടെങ്കിലും അധികം ആയുസ്സുണ്ടായില്ല. ഓരോവറിൽ തന്നെ സച്ചിനെയും ഷോൺ റോജറെയും ക്ലീൻ ബൌൾഡാക്കി മൊഹ്സിൻ കർണ്ണാടകയ്ക്ക് വിജയത്തിലേക്കുള്ള വഴി തുറന്നു. സച്ചിൻ ബേബി 12ഉം ഷോൺ റോജർ പൂജ്യത്തിനുമാണ് പുറത്തായത്. വൈകാതെ 19 റൺസെടുത്ത ബാബ അപരാജിത്തിനെയും പുറത്താക്കി മൊഹ്സിൻ ഖാൻ അഞ്ച് വിക്കറ്റ് തികച്ചു.

അനിവാര്യമായ തോൽവി നീട്ടിയത് അവസാന വിക്കറ്റിൽ ഏദൻ ആപ്പിൾ ടോമും ഹരികൃഷ്ണനും ചേർന്നുള്ള ചെറുത്തുനില്പാണ്. 23 ഓവർ ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് 44 റൺസാണ് കൂട്ടിച്ചേർത്തത്. ഒടുവിൽ ഹരികൃഷ്ണനെ എൽബിഡബ്ല്യുവിൽ കുടുക്കി മൊഹ്സിൻ ഖാൻ തന്നെയാണ് ഈ കൂട്ടുകെട്ടിനും അവസാനമിട്ടത്. ഏദൻ ആപ്പിൾ ടോം 39ഉം ഹരികൃഷ്ണൻ ആറും റൺസെടുത്തു. കർണ്ണാടകയ്ക്ക് വേണ്ടി ആറ് വിക്കറ്റെടുത്ത മൊഹ്സിൻ ഖാന് പുറമെ വിദ്വത് കവേരപ്പ രണ്ട് വിക്കറ്റും വീഴ്ത്തി.