പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിന് പരിക്ക് വില്ലനാവുന്നു. ലീഗ് കപ്പ് നാലാം റൗണ്ടിൽ ബ്രൈറ്റനെതിരായ മത്സരത്തിൽ ടീമിന്റെ പ്രധാന താരങ്ങളായ വില്യം സാലിബയും ഗബ്രിയേൽ മാർട്ടിനെല്ലിയും കളിക്കില്ല.
ക്രിസ്റ്റൽ പാലസിനെതിരായ 2-0 വിജയത്തിനിടെയാണ് ഇരുവർക്കും പരിക്കേറ്റത്. സാലിബയെ ആദ്യ പകുതിയിൽ തന്നെ പിൻവലിച്ചിരുന്നു. ആ മത്സരത്തിൽ പകരക്കാരനായി വന്ന മാർട്ടിനെല്ലിക്ക് പിന്നീട് കളി പൂർത്തിയാക്കാനായില്ല. പരിക്കിന്റെ തീവ്രതയറിയാൻ കൂടുതൽ പരിശോധനകൾ ആവശ്യമുണ്ടെന്ന് പരിശീലകൻ മൈക്കിൾ അർട്ടേറ്റ സ്ഥിരീകരിച്ചു.

അതേസമയം, അതേ മത്സരത്തിൽ പരിക്കേറ്റിരുന്ന ഡെക്ലാൻ റൈസ് ബ്രൈറ്റനെതിരെ കളിക്കാൻ ഫിറ്റ് ആയേക്കും.
ഈ തിരിച്ചടി, മാർട്ടിൻ ഓഡെഗാർഡ്, കൈ ഹാവേർട്സ്, നോണി മദുവേകെ, ഗബ്രിയേൽ ജീസസ് എന്നിവരടക്കം നിരവധി ഫസ്റ്റ് ടീം റെഗുലർ താരങ്ങൾ ഇല്ലാതെ വിഷമിക്കുന്ന ആഴ്സണലിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നു.














