മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ സീസണിൽ ശേഷിക്കുന്ന മൽസരങ്ങൾക്ക് മുമ്പായി മുന്നേറ്റത്തിന് കരുത്ത് കൂട്ടി മലപ്പുറം ഫുട്ബോൾ ക്ലബ്. അറ്റാക്കുകൾക്ക് കൂടുതൽ മൂർച്ഛയേകാൻ മൊറോക്കൻ താരം അബ്ദെൽഹയ്യ് ഫോർസിയെയാണ് പുതിയതായി ടീമിലെത്തിച്ചിരിക്കുന്നത്. അറ്റാക്കിംഗ് മിഡ്‌ഫീൽഡറായും വിംഗറായും ഒരുപോലെ കളിക്കാൻ കഴിവുള്ള താരമാണ് അബ്ദെൽഹയ്യ്. 27 വയസ്സാണ് പ്രായം. ഇതാദ്യമായാണ് ഇദ്ദേഹം ഇന്ത്യയിൽ പന്തുതട്ടാനെത്തുന്നത്. മൊറോക്കോയിലെ പ്രമുഖ ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്.
മൊറോക്കൻ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ആർസിഎ സെമാമ്രയിൽ നിന്നാണ് താരം ഇപ്പോൾ മലപ്പുറം എഫ്‌സിയിൽ ചേരുന്നത്. സെമാമ്രയ്‌ക്കായി 43 മത്സരങ്ങളിൽ നിന്ന് 3 ഗോളുകൾ നേടുകയും 9 അസിസ്റ്റുകളും നൽകുകയും ചെയ്‌തിട്ടുണ്ട്. രാജ കാസബ്ലാങ്ക, ഒളിമ്പിക് സാഫി, സിഎ കെനിഫ്ര, കെഎസിഎം മാരാകേഷ് തുടങ്ങിയ മൊറോക്കോയിലെ മറ്റ് ഫസ്റ്റ് ഡിവിഷൻ ടീമുകൾക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്. മികച്ച പാസ്സുകൾ നൽകുന്നതിലും നല്ല പന്തടക്കവുമാണ് ഫോർസിയെ വ്യത്യസ്താനാക്കുന്നത്.














