കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ ആദ്യമായി ക്ലബിന് സ്വന്തമായി മാസ്‌ക്കോട്ട് അവതരിപ്പിച്ച് കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്. കണ്ണൂര്‍ താഴെ ചൊവ്വ സെക്യൂറ മാളില്‍ വെച്ച് നടന്ന ചടങ്ങില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ഡയറക്ടര്‍ സി.എ. മുഹമ്മദ് സാലിഹ്, എഫ്‌സി മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ടീം ക്യാപ്റ്റന്‍മാരായ , ഏണസ്റ്റീന്‍ ലവ്‌സാംബ, ഉബൈദ് സി.കെ., മധ്യനിരതാരം അസിയര്‍ ഗോമസ് എന്നിവര്‍ ചേര്‍ന്നാണ് മാസ്‌ക്കോട്ട് അവതരിപ്പിച്ചത്. വീരന്‍ എന്ന പേര് നല്‍കിയ കടുവയാണ് മാസ്‌ക്കോട്ട്.

കണ്ണൂരിന്റെ പോരാളികളെ അനുസ്മരിച്ചാണ് വീരന്‍ എന്ന പേര് മാസ്‌ക്കോട്ടിന് നല്‍കിയത്. പുരാതന യുദ്ധകാലത്ത് വിവിധ ആധിപത്യശക്തികള്‍ക്കെതിരെ അനേകം സമരങ്ങളും വിപ്ലവങ്ങളും നടന്ന നാടാണ് കണ്ണൂര്‍. കൂടാതെ കണ്ണൂരും വടക്കന്‍ മലബാറും ലോകത്തിലെ ഏറ്റവും പുരാധന യുദ്ധകലകളിലൊന്നായ കളരിപ്പയറ്റിന്റെ ജന്മഭൂമിയെന്ന നിലയിലാണ് അറിയപ്പെടുന്നത്. അവരുടെ വീരകഥകള്‍ ഇന്നും വടക്കന്‍ പാട്ടുകള്‍ മുഖേന ജനകീയ പരമ്പരാഗതത്തിന്റെ ഭാഗമാകുന്നു.
സ്വാതന്ത്രസമരത്തിലും കണ്ണൂര്‍ സജീവമായ പങ്കുവഹിച്ചു. തുടര്‍ന്ന് നിരവധി കര്‍ഷക-തൊഴിലാളി പ്രസ്ഥാനങ്ങളും കടുത്ത ഏറ്റുമുട്ടലുകളും രക്തസാക്ഷിത്വങ്ങളും ഇവിടെ നടന്നത് ഈ മണ്ണിന്റെ പോരാട്ടചൈതന്യത്തെ കൂടുതല്‍ ശക്തമാക്കി.കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഹോം മത്സര ദിവസവും മറ്റുപരിപാടികള്‍ക്കും ആരാധകര്‍ക്ക് ആവേശമായി വീരന്‍ ഉണ്ടാകും.
കണ്ണൂരിന്റെ ശക്തി, ധൈര്യം, ദൃഢനിശ്ചയം, ആധിപത്യം എന്നിവയുടെ പ്രതീകമായിയാണ് വീരന്‍ എന്ന മാസ്‌ക്കോട്ടിനെ അവതരിപ്പിച്ചെതെന്നും കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയില്‍ കളിക്കുന്ന എല്ലാ താരങ്ങളില്‍ നിന്നും കണ്ണൂരിനായി പോരാടാനുള്ള ധൈര്യവും ദൃഢനിശ്ചയവുമാണ് പ്രതീക്ഷിക്കുന്നത് എന്ന് ക്ലബ് അറിയിച്ചു. ആരാധകര്‍ക്ക് വേണ്ടി എല്ലാ ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 4 മണി മുതല്‍ 6 മണിവരെ പയ്യാമ്പലം ബീച്ചില്‍ വെച്ചും, 6 മണി മുതല്‍ 8 മണിവരെ സെക്യൂറ മാളിലും വെച്ച് പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. വിജയക്കുന്നവര്‍ക്ക് കണ്ണൂര്‍ വാരിയേഴ്‌സ് പ്രത്യേകം സമ്മാനവും നല്‍ക്കും.














