ഞായറാഴ്ച രാത്രി എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ 1-0 വിജയവുമായി ആഴ്സണൽ തങ്ങളുടെ ശക്തമായ പ്രീമിയർ ലീഗ് കാമ്പയിൻ തുടർന്നു. മുൻ പാലസ് താരമായ എബെറെച്ചി എസെ 39-ാം മിനിറ്റിൽ നേടിയ നിർണ്ണായക ഗോളാണ് മത്സരഫലം തീരുമാനിച്ചത്. 
തുടക്കത്തിൽ ഇരു ടീമുകളും കാര്യമായ ഗോളവസരങ്ങൾ സൃഷ്ടിക്കാൻ ബുദ്ധിമുട്ടിയ മത്സരത്തിൽ, ആദ്യ പകുതിക്ക് തൊട്ടുമുമ്പാണ് ആഴ്സനലിന് വഴിത്തിരിവ് ലഭിച്ചത്.  ഒരു ഫ്രീ-കിക്ക് റൂട്ടീനിന് ശേഷം, ഡെക്ലാൻ റൈസ് ബാക്ക് പോസ്റ്റിലേക്ക് നൽകിയ മികച്ച ക്രോസ് ഗബ്രിയേൽ മഗൽഹേസ് ഹെഡ് ചെയ്ത് അപകടമേഖലയിലേക്ക് താഴ്ത്തിക്കൊടുത്തു. മാർക്ക് ചെയ്യപ്പെടാതെ ഓടിയെത്തിയ എസെ, അക്രോബാറ്റിക് ശൈലിയിൽ ഒരു ഹാഫ്-വോളിയിലൂടെ പന്ത് വലയിലെത്തിച്ചു. ഡീൻ ഹെൻഡേഴ്സൺ പ്രതികരിക്കുന്നതിനുമുമ്പ് തന്നെ പന്ത് വലയിൽ എത്തിയിരുന്നു, അതോടെ എമിറേറ്റ്സ് സ്റ്റേഡിയം ആവേശത്തിലായി.
രണ്ടാം പകുതിയിൽ ആഴ്സനൽ കൂടുതൽ സമയം പന്ത് കൈവശം വെച്ച് കളിച്ചെങ്കിലും രണ്ടാമതൊരു ഗോൾ കണ്ടെത്താനായില്ല. ലിയാൻഡ്രോ ട്രോസാർഡ്, ഗബ്രിയേൽ മഗൽഹേസ്, വിക്ടർ ഗ്യോകെറസ് എന്നിവർ ഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഗബ്രിയേൽ മഗൽഹേസിന്റെ ഒരു ഹെഡർ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ബാറിൽ തട്ടി മടങ്ങിയിരുന്നു.
ഒമ്പത് മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരാൻ ആഴ്സണലിനെ ഈ വജയം സഹായിച്ചു.
 
					













