ഇംഗ്ലണ്ടിനെതിരെ ന്യൂസിലാണ്ടിന് വിജയം. ഇന്ന് ബേ ഓവലില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ 4 വിക്കറ്റ് വിജയം ആണ് ന്യൂസിലാണ്ട് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 35.2 ഓവറിൽ 223 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ന്യൂസിലാണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 36.4 ഓവറിൽ വിജയം കരസ്ഥമാക്കി.
ഡാരിൽ മിച്ചൽ 78 റൺസും മൈക്കൽ ബ്രേസ്വെൽ 51 റൺസ് നേടിയാണ് ന്യൂസിലാണ്ടിന്റെ ജയം ഒരുക്കിയത്. ടോം ലാഥം 24 റൺസ് നേടി. വിജയത്തിന് 17 റൺസ് അകലെ നിൽക്കുമ്പോളാണ് 49 റൺസ് കൂട്ടുകെട്ടിനെ ഇംഗ്ലണ്ട് തകര്‍ത്തത്. 27 റൺസ് നേടിയ മിച്ചൽ സാന്റനറിനെ ആദിൽ റഷീദ് പുറത്താക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഹാരി ബ്രൂക്ക് 135 റൺസുമായി ആണ് മുന്നോട്ട് നയിച്ചത്. താരത്തിന് പിന്തുണയായി വാലറ്റത്ത് 46 റൺസ് നേടിയ ജാമി ഓവര്‍ട്ടൺ മാത്രമാണ് പൊരുതി നിന്നത്. 56/6 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ഈ കൂട്ടുകെട്ട് 87 റൺസുമായി വലിയ തകര്‍ച്ചയിൽ നിന്ന് കരകയറ്റി.
ന്യൂസിലാണ്ടിനായി സാക്കറി ഫൗള്‍ക്സ് നാലും ജേക്കബ് ഡഫി മൂന്നും വിക്കറ്റ് നേടി. മാറ്റ് ഹെന്‍റി രണ്ട് വിക്കറ്റുമായി മികവ് പുലര്‍ത്തി.














