മൊഹാലി : ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ കരുത്തരായ മുംബൈയ്ക്കെതിരെ ഉജ്ജ്വല വിജയവുമായി കേരളം. അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിലാണ് കേരളം മുംബൈ ഉയർത്തിയ കൂറ്റൻ ലക്ഷ്യം മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒരു പന്ത് ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. അർദ്ധ സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ സജന സജീവനാണ് കേരളത്തിൻ്റെ വിജയശില്പി. സജന തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.
ടോസ് നേടിയ കേരളം മുംബൈയെ ആദ്യം ബാറ്റ് ചെയ്യാനയക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ ഒരു വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റൻ ഹുമൈറ കാസിയുടെ ഉജ്ജവല ഇന്നിങ്സ് മുംബൈയ്ക്ക് തുണയായി. ഒരറ്റത്ത് വിക്കറ്റുകൾ മുറയ്ക്ക് വീഴുമ്പോഴും മറുവശത്ത് ഉറച്ച് നിന്ന ഹുമൈറയുടെ മികവിലാണ് മുംബൈയുടെ സ്കോർ 151ൽ എത്തിയത്. 48 പന്തുകളിൽ നിന്ന് പത്ത് ഫോറുകളും ഒരു സിക്സുമടക്കം 69 റൺസാണ് ഹുമൈറ നേടിയത്. അവസാന ഓവറുകളിൽ 10 പന്തുകളിൽ നിന്ന് 26 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ഖുഷിയും മുംബൈയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചു. കേരളത്തിന് വേണ്ടി എസ് ആശയും ടി ഷാനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റെ ഓപ്പണർമാർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. അക്ഷയ എട്ടും പ്രണവി ചന്ദ്ര 13ഉം റൺസെടുത്ത് പുറത്തായി. ഏഴ് റൺസുമായി എസ് ആശ കൂടി മടങ്ങിയതോടെ മൂന്ന് വിക്കറ്റിന് 55 റൺസെന്ന നിലയിലായിരുന്നു കേരളം. തുടർന്നെത്തിയ സജന സജീവൻ്റെ തകർപ്പൻ ഇന്നിങ്സാണ് കളി കേരളത്തിൻ്റെ വരുതിയിലാക്കിയത്. 34 പന്തിൽ 43 റൺസെടുത്ത ദൃശ്യ മികച്ച പിന്തുണ നല്കി. ദൃശ്യയ്ക്ക് ശേഷമെത്തിയ അലീന സുരേന്ദ്രനും സജനയ്ക്കൊപ്പം ഉറച്ച് നിന്ന് പൊരുതി. 31 പന്തുകളിൽ ഏഴ് ഫോറും ഒരു സിക്സുമടക്കം 51 റൺസുമായി പുറത്താകാതെ നിന്ന സജന അവസാന ഓവറിലെ അഞ്ചാം പന്തിൽ ടീമിനെ വിജയത്തിലെത്തിച്ചു. അലീന സുരേന്ദ്രൻ 25 റൺസുമായി പുറത്താകാതെ നിന്നു.
ജയിച്ചെങ്കിലും കേരളത്തിന് അടുത്ത റൌണ്ടിലേക്ക് മുന്നേറാനായില്ല. 24 പോയിൻ്റുള്ള വിദർഭയ്ക്ക് പിന്നിൽ 20 പോയിൻ്റ് വീതം നേടി കേരളവും മുംബൈയും ബറോഡയും ഒപ്പത്തിനൊപ്പമെത്തി. എന്നാൽ മികച്ച റൺശരാശരിയുള്ള മുംബൈ വിദർഭയ്ക്കൊപ്പം അടുത്ത റൌണ്ടിലേക്ക് മുന്നേറി.