മലപ്പുറം: സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി മലപ്പുറം എഫ്‌സി മത്സരം ഗോള്‍ രഹിത സമനിലയില്‍. ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. ആദ്യ പകുതിയില്‍ കരുതലോടെ കളിച്ച ഇരുടീമുകളും രണ്ടാം പകുതിയില്‍ അറ്റാക്കിംങിന് ശ്രമിച്ചു. സൂപ്പര്‍ ലീഗില്‍ രണ്ട് റൗണ്ട് പിന്നിട്ടപ്പോള്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി പോയിന്റ് പട്ടികയില്‍ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ആദ്യ മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് തിരുവനന്തപുരം കൊമ്പന്‍സിനെ തോല്‍പ്പിച്ചിരുന്നു.
കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഗോളെന്ന് ഉറപ്പിച്ച അവസരങ്ങള്‍ തട്ടി അകറ്റിയ മലപ്പുറത്തിന്റെ ഗോള്‍കീപ്പര്‍ മുഹമ്മദ് അസഹര്‍ ആണ് മത്സരത്തിലെ താരം.
4-3-3 ശൈലിയില്‍ കണ്ണൂര്‍ വാരിയേഴ്‌സും 3-5-2 ശൈലിയില്‍ മലപ്പുറം എഫ്‌സിയും ആദ്യ മത്സരത്തിലിറങ്ങിയ ഇലവനില്‍ മാറ്റങ്ങളുമായി ആണ് ഇരുടീമുകളും ഇറങ്ങിയത്. കണ്ണൂര്‍ വാരിയേഴ്‌സില്‍ വിങ്ങര്‍ ഗോകുലിന് പകരം ഇടത് ബാക്ക് മനോജിനെ വിങ്ങറായി കളിപ്പിച്ച് സന്ദീപിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി.

ആദ്യ മത്സരത്തില്‍ പരിക്കേറ്റ് പുറത്ത് പോയ ഫസലുറഹ്‌മാന് പകരക്കാരനായി അക്ബര്‍ സിദ്ധീകിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് മലപ്പുറം ഇറങ്ങിയത്.
കണ്ണൂരിനായി സികെ ഉബൈദായിരുന്നു ഗോള്‍വലകാത്തത്. നിക്കോളാസ് ഡെല്‍മോണ്ടോ, സന്ദീപ്, വികാസ് സൈനി, സച്ചിന്‍ സുനില്‍ ഡിഫന്‍സിലും. ലവ്‌സാംബ, എബിന്‍ ദാസ്, അസിയര്‍ ഗോമസ് എന്നിവര്‍ മധ്യനിരയിലും മനോജ്, ഷിജിന്‍ ടി, അബ്ദു കരീം സാംബ എന്നിവര്‍ അറ്റാക്കിംങിലും ഇറങ്ങി.
മലപ്പറത്തിനായി മുഹമ്മദ് അസറുദ്ദീനായിരുന്നു ഗോള്‍ കീപ്പര്‍. അബ്ദുല്‍ഹക്കു, നിദിന്‍ മുധു, ജിതിന്‍ പ്രകാശ് എന്നിവരായിരുന്നു ഡിഫന്‍സില്‍. ഫാകുണ്ടോ ബല്ലാക്കോ, ബദര്‍, ഗനി അഹമ്മദ്, പി.എ അഭിജിത്ത്, ക്യാപറ്റന്‍ അല്‍ദാലുര്‍ എന്നിവരായിരുന്നു മധ്യനിരയില്‍. റോയ് കൃഷ്ണ, അക്ബര്‍ സിദ്ധീഖ് എന്നിവര്‍ക്കായിരുന്നു ആക്രമണ ചുമതല.
ആദ്യ നിമിശങ്ങളില്‍ ശ്രദ്ധയോടെ കളിച്ച കണ്ണൂര്‍ വാരിയേഴ്‌സ് മിനുട്ടുകള്‍ക്ക് ശേഷം മത്സരത്തിലേക്ക് തിരിച്ചു വന്നു. പന്ത് കൈവശം വെച്ച് അറ്റാക്കിംങിന് ശ്രമിച്ച കണ്ണൂര്‍ വാരിയേഴ്‌സിന് അവസരങ്ങളും ലഭിച്ചു. വലത് വിങ്ങ് കേന്ദ്രീകരിച്ചായിരുന്നു അറ്റാക്കിംങുകള്‍. 31 ാം മിനുട്ടില്‍ കണ്ണൂരിന് അവസരം ലഭിച്ചു. വലത് ബാക്ക് സച്ചിന്‍ സുനില്‍ ബോക്‌സിലേക്ക് നല്‍കിയ ഉഗ്രന്‍ ക്രോസ് മലപ്പുറത്തിന്റെ ഗോള്‍കീപ്പര്‍ അസ്ഹര്‍ പഞ്ച് ചെയ്ത് അകറ്റി. 33 ാം മിനുട്ടില്‍ കണ്ണൂരിന് വിണ്ടും അവസരം. ബോക്‌സിന് പുറത്തു നിന്ന് മധ്യനിരതാരം എബിന്‍ ദാസ് തുടുത്ത ഷോട്ട് മലപ്പുറത്തിന്റെ ഗോള്‍പോസ്റ്റിനെ ചാരി പുറത്തേക്ക്. പിന്നീട് മത്സരത്തിലേക്ക് തിരിക്കെയെത്തിയ മലപ്പുറത്തിനും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
രണ്ടാം പകുതിയില്‍ 49 ാം മിനുട്ടില്‍ മലപ്പുറം എഫ്‌സിയുടെ ഗനി അഹമ്മദ് മഞ്ഞകാര്‍ഡ് കണ്ടു. 50 മിനുട്ടില്‍ മലപ്പുറത്തിന് രണ്ടാം മഞ്ഞകാര്‍ഡ്. വലത് വിങ്ങില്‍ ഷിജിനെ ഫൗള്‍ ചെയ്തതിന് ജിതിന്‍ പ്രകാശിന് മഞ്ഞകാര്‍ഡ്. തുടര്‍ന്ന് ലഭിച്ച ഫ്രീകിക്ക് എബിന്‍ ദാസ് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കി. ബോള്‍ പിന്തുടര്‍ന്ന് എത്തിയ ഷിജിന്‍ പറന്ന് ഹെഡറിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. തുടര്‍ന്ന് ലഭിച്ച ബോള്‍ കരീം സാംബ ബൈസിക്കിള്‍ കിക്ക് എടുത്തെങ്കിലും ലക്ഷ്യം കാണാതെ പുറത്തേക്ക്. 55 ാം മിനുട്ടില്‍ കണ്ണൂരിന് ഗോളെന്ന് ഉറപ്പിച്ച അവസരം ലഭിച്ചു. ഇടത് വിങ്ങില്‍ നിന്ന് മനോജ് ബോക്‌സിലേക്ക് നല്‍കിയ ക്രോസ്സ് ഗോള്‍വലലക്ഷ്യമാക്കി ഷിജിന്‍ ഹെഡ് ചെയ്തിങ്കിലും മലപ്പുറം ഗോള്‍കീപ്പര്‍ അസ്ഹര്‍ തട്ടിഅകറ്റി. 56 ാം മിനുട്ടില്‍ മലപ്പുറം എഫ്‌സിക്ക് സുവര്‍ണാവസരം. മധ്യനിരയില്‍ നിന്ന് ബോള്‍ സ്വീകരിച്ച റോയ് കൃഷ്ണ കണ്ണൂര്‍ പ്രതിരോധത്തെ കീറിമുറിച്ച് മുന്നേറിയെങ്കിലും ബോക്‌സിന് അടുത്ത് വച്ച് കണ്ണൂരിന്റെ പ്രതിരോധ താരം സന്ദീപിന്റെ ഉഗ്രന്‍ ടാകിള്‍. 60 ാം മിനുട്ടില്‍ വലത് വിങ്ങിലൂടെ ഒറ്റയ്ക്ക് മുന്നേറിയ അഭിജിത്ത് പ്രതിരോധ താരങ്ങളെ മറികടന്ന് ബോക്‌സിലെത്തിയെങ്കലും ബോള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. 63 ാം മിനുട്ടില്‍ കണ്ണൂരിന്റെ സെന്റര്‍ ബാക്ക് നിക്കോളാസ് ഡെല്‍മോണ്ടേക്ക് മഞ്ഞകാര്‍ഡ് ലഭിച്ചു. മലപ്പുറം എഫ്‌സിയുടെ താരത്തെ പിന്നില്‍ നിന്ന് വലിച്ചതിനാണ് മഞ്ഞകാര്‍ഡ് ലഭിച്ചത്.
81 ാം മിനുട്ടില്‍ വീണ്ടും കണ്ണൂരിന് അവസരം. എബിന്‍ എടുത്ത് കോര്‍ണര്‍കിക്കില്‍ നിന്ന് ലഭിച്ച അവസരം വികാസ് സെകന്റ് പോസ്റ്റ് ലക്ഷ്യമാക്കി ചിപ്പ് ചെയ്‌തെങ്കിലും ഗോള്‍കീപ്പര്‍ അസര്‍ പഞ്ച് ചെയ്തു അകറ്റി. 82 ാം മിനുട്ടില്‍ വീണ്ടും അവസരം. എബിന്‍ എടുത്ത കോര്‍ണര്‍ കിക്ക് ഉയര്‍ന്നു ചാടി ഗോള്‍ ലക്ഷ്യമാക്കി നിക്കോളാസ് ഡെല്‍മേണ്ടേ ഹെഡ് ചെയ്‌തെങ്കിലും ഗോള്‍ കീപ്പര്‍ അസ്ഹര്‍ വീണ്ടും രക്ഷകനായി. പകരക്കാരനായി എത്തി കെനഡി മലപ്പുറത്തിന് വേണ്ടി ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല.