കൊളംബോ: ലങ്ക പ്രീമിയർ ലീഗിന്റെ (എൽ.പി.എൽ.) ആറാം പതിപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തി ചരിത്രം കുറിക്കാൻ ഒരുങ്ങുന്നു. 2025 ഡിസംബർ 1-ന് ആരംഭിക്കുന്ന ടൂർണമെന്റിൽ ആദ്യമായാണ് ഇന്ത്യൻ താരങ്ങൾ കളിക്കുന്നത്. ഇത് ലീഗിന് പുതിയ ആവേശം നൽകുമെന്നും മത്സര നിലവാരം ഉയർത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ആരൊക്കെ ആകും കളിക്കുക എന്ന് പിന്നീടേ വ്യക്തമാവുകയുള്ളൂ.
ശ്രീലങ്കയിലെ പ്രധാന വേദികളായ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയം, കാൻഡിയിലെ പല്ലെക്കെലെ ഇന്റർനാഷണൽ സ്റ്റേഡിയം, ദംബുള്ളയിലെ രംഗിരി ദംബുള്ള ഇന്റർനാഷണൽ സ്റ്റേഡിയം എന്നിവിടങ്ങളിലായി 24 മത്സരങ്ങളാണ് ടൂർണമെന്റിൽ ഉണ്ടാകുക.
അഞ്ച് ഫ്രാഞ്ചൈസികൾ ഡബിൾ റൗണ്ട്-റോബിൻ ഫോർമാറ്റിൽ ലീഗ് ഘട്ടത്തിൽ മത്സരിക്കും, അതിനുശേഷം ആദ്യ നാല് സ്ഥാനക്കാർ പ്ലേ ഓഫിലേക്ക് മുന്നേറും. ആദ്യ രണ്ട് ടീമുകൾ തമ്മിലുള്ള ക്വാളിഫയർ 1-ലെ വിജയി നേരിട്ട് ഫൈനലിൽ പ്രവേശിക്കും. മൂന്നും നാലും സ്ഥാനക്കാർ തമ്മിൽ എലിമിനേറ്റർ മത്സരവും നടക്കും. ഈ മത്സരത്തിലെ വിജയി ക്വാളിഫയർ 1-ലെ തോറ്റ ടീമുമായി ക്വാളിഫയർ 2-ൽ ഏറ്റുമുട്ടും. ഇതിലെ വിജയിയാണ് രണ്ടാമത്തെ ഫൈനലിസ്റ്റിനെ നിർണയിക്കുക.