തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരളയില്‍ ആദ്യ സീസണിലെ സെമി ഫൈനലിസ്റ്റുകളായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി.യും തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി ഇന്ന് (05-10-2025) ഇറങ്ങും. രാത്രി 7.30 ന് തിരുവനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തിലാണ് മത്സരം.

ആദ്യ സീസണിലെ കണക്കുകള്‍ നോക്കുമ്പോള്‍ തിരുവനന്തപുരത്തിനാണ് മുന്‍തൂക്കമെങ്കിലും ഇരുടീമുകളും ശക്തമായ ടീമിനെയാണ് സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണിലൊരുക്കിയിരിക്കുന്നത്. ആദ്യ സീസണില്‍ തിരുവനന്തുപുരത്ത് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മത്സരം ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ലീഗ് മത്സരത്തിലെ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തിരുവനന്തപുരം കൊമ്പന്‍സിനായിരുന്നു ജയം.
ഗ്രൂപ്പ് ഘട്ടത്തില്‍ പത്ത് മത്സരം കളിച്ച കണ്ണൂര്‍വാരിയേഴ്‌സ് നാല് ജയവും നാല് സമനിലയും രണ്ട് വിജയവുമായി 16 പോയിന്റ് നേടിയായിരുന്നു സെമി പ്രവേശം. സെമിയില്‍ ഫോഴ്‌സ കൊച്ചിയോട് പരാജയപ്പെടുകയായിരുന്നു. തിരുവനന്തപുരം കൊമ്പന്‍സ് പത്ത് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമായി 13 പോയിന്റ് നേടിയായിരുന്നു കൊമ്പന്‍സ് സെമി ഫൈനലിന് യോഗ്യത നേടിയത്. സെമിയില്‍ കാലിക്കറ്റ് എഫ്‌സിയോട് തോറ്റ് പുറത്തായി.
പരിചയസമ്പന്നതാരയ താരങ്ങളെയും യുതാരങ്ങളെയും കോര്‍ത്തിണക്കിയാണ് കണ്ണൂര്‍ വാരിയേഴ്‌സ് സൂപ്പര്‍ ലീഗിന് തയ്യാറെടുത്തത്. ആദ്യ സീസണില്‍ സെമി ഫൈനലിലെത്തിച്ച സ്പാനിഷ് പരിശീലകന്‍ മാനുവല്‍് സാഞ്ച് സഹപരിശീലകന്‍ ഷഫീഖ് ഹസ്സനെയും ക്ലബ് നിലനിര്‍ത്തി. സൂപ്പര്‍ ലീഗില്‍ നിലനിര്‍ത്തിയ ഏക പരിശീലകനും മാനുവല്‍ സാഞ്ചസാണ്. ഗോള്‍വലകാക്കാന്‍ പരിചയസമ്പന്നനായ സി.കെ. ഉബൈദും വി മിഥുനും അല്‍കേഷ് രാജും മൂന്ന് പേരും ഒന്നിനൊന്ന് മികച്ചവര്‍ തന്നെ. പ്രതിരോധത്തില്‍ കഴിഞ്ഞ സീസണില്‍ കളിച്ച അശ്വിനും വികാസും കൂട്ടിനായി അര്‍ജന്റീനിയന്‍ സെന്റര്‍ ബാക്ക് നിക്കോളാസ് ഡെല്‍മോണ്ടെ. മധ്യനിരയാണ് ടീമിന്റെ അടിതറ കഴിഞ്ഞ സീസണില്‍ മധ്യനിരയെ നിയന്ത്രിച്ച ലവ്‌സാംബ, ഫോഴ്‌സ കൊച്ചിയെ ഫൈനലിലെത്തിച്ച ക്യാപ്റ്റന്‍ നിദാല്‍ സൈദ്, കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് എബിന്‍ ദാസ്, സ്പാനിഷ് അണ്ടര്‍ 16 താരം അസിയര്‍ ഗോമസ് ഇങ്ങനെ നീളുന്നു മധ്യനിരയുടെ കരുത്ത്. അറ്റാക്കിംങില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ഡിനേറോ. കഴിഞ്ഞ സീസണിലെ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ടോപ് സ്‌കോറര്‍. കൂടെ റിയല്‍ കാശ്മീര്‍ എഫ്‌സിയില്‍ നിന്ന് അബ്ദു കരീം സാംബ്. വിങ്ങില്‍ ഷിജിനും ഗോകുലും അര്‍ജുനും ഇങ്ങിനെ നീളുന്നു പേരുകള്‍.
തിരുവനന്തപുരത്തിന് ഇംഗ്ലണ്ടുകാരന്‍ ജെയിംസ് പാട്രിക്കാണ് പരിശീലകന്‍. സഹപരിശീലകനായി തമിഴ്‌നാട്ടുകാരന്‍ അലാവുദ്ദീന്‍. വിദേശ താരങ്ങളാണ് ടീമിന്റെ പ്രധാന കരുത്ത് ബ്രസീലില്‍ നിന്നുള്ള ആറ് താരങ്ങളെയാണ് ഇത്തവണയും കൊമ്പന്‍സ് കളത്തിലിറക്കുന്നത്.
മധ്യനിരയില്‍ കഴിഞ്ഞ സീസണിലെ കൊമ്പന്‍സിന്റെ മികച്ച താരം പാട്രിത്ത് മോത. പ്രതിരോധത്തില്‍ ഫിലിപ്പ് ആല്‍വെസും ലൂറി കര്‍വാല്‍ഹോ. അറ്റാക്കിംങില്‍ ഓട്‌മെര്‍ ബിസ്‌പോ, പൗലോ വിക്ടര്‍, റെണാല്‍ഡ് മകാലിസ്റ്റര്‍. വിദേശ താരങ്ങള്‍ കരുത്തര്‍ തന്നെ. കൂടെ മുന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ താരം സലാം രഞ്ജന്‍ സിംങ്, ഐ ലീഗ് താരം ഷാനിദ് വാളന്‍, ബിപിന്‍ ബോബന്‍ തുടങ്ങിയ താരങ്ങളുമുണ്ട്. ഇരുടീമുകളും ശക്തരായതിനാല്‍ മികച്ചൊരു പോരാട്ടം തന്നെ പ്രതീക്ഷിക്കാം.