മലപ്പുറം: ആരാധകരെ ഞെട്ടിച്ചു കൊണ്ട് അപ്രതീക്ഷിതമായൊരു സൈനിംഗ് നടത്തി മലപ്പുറം ഫുട്ബോൾ ക്ലബ്. മൊറോക്കൻ താരം ബദ്ർ ബുലാഹ്റൂദിനെയാണ് മലപ്പുറം പുതിയതായി ടീമിലെത്തിച്ചിരിക്കുന്നത്. ഈ സീസണിൽ മധ്യനിരയിൽ എംഎഫ്സിയുടെ വജ്രായുധമായിരിക്കും ബദ്ർ. സെൻട്രൽ മിഡ്ഫീൽഡിലും ഡിഫൻസീവ് മിഡ്ഫീൽഡിലും ഒരുപോലെ കളിക്കാൻ ഈ താരത്തിന് കഴിയും. 32 വയസ്സാണ് പ്രായം.ഇന്ത്യയിലിതാദ്യമായാണ് ബദ്ർ പന്തുതട്ടാനൊരുങ്ങുന്നത്. മുൻപ് മൊറോക്കോ, സ്പെയിൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിവിധ ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്.

മൊറോക്കോയുടെ ഒന്നാം ഡിവിഷൻ ക്ലബായ ആർസിഎ സെമാമ്രയിൽ നിന്നുമാണ് താരം ഇപ്പോൾ മലപ്പുറം എഫ്സിയിലേക്കെത്തുന്നത്. സെമാമ്രയ്ക്ക് വേണ്ടി 13ഓളം മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. മൊറോക്കോയിലെ തന്നെ മറ്റു ഒന്നാം ഡിവിഷൻ ടീമുകളായ ഫാത്ത് യൂണിയൻ സ്പോർട്ട്നു വേണ്ടി 83 മത്സരങ്ങളും രാജ ക്ലബ് അത്ലറ്റിക്നു വേണ്ടി 22 മത്സരങ്ങളും കളിച്ചു. 5 അസിസ്റ്റും നേടി. രാജാ ക്ലബിൻറെ കൂടെ കാഫ് കോൺഫെഡറേഷൻ കപ്പ് നേടിയിട്ടുണ്ട് .നിലവിൽ സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബായ മലാഗ സിഎഫിനു വേണ്ടി 31 മത്സരങ്ങളിൽ നിന്ന് 1 ഗോളും 3 അസിസ്റ്റും നേടിയിട്ടുണ്ട്. സൗദി രണ്ടാം ഡിവിഷൻ ടീമായ ഒഹൊദ് ക്ലബിനു വേണ്ടി 30 മത്സരങ്ങളിൽ കളത്തിലിറങ്ങി. രണ്ട് അസിസ്റ്റും സ്വന്തമാക്കി.
മൊറോക്കോ ദേശീയ ടീമിനായും ബദ്ർ ബൂട്ടണിഞ്ഞിട്ടുണ്ട്. മൊറോക്കോ അണ്ടർ -23 ടീമിന് വേണ്ടി 7 മൽസരങ്ങൾ കളിച്ചു. സീനിയർ ടീമിന് വേണ്ടി 9 കളികളിൽ നിന്ന് 1 ഗോളും നേടിയിട്ടുണ്ട്. 2017 നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഈജിപ്തിനെതിരെയാണ് രാജ്യത്തിന് വേണ്ടി തന്റെ ആദ്യഗോൾ നേടിയത്. 2018ൽ നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പിൽ ജേതാക്കളായ മൊറോക്കൻ ടീമംഗം കൂടിയാണ് ബദ്ർ ബുലാഹ്റൂദിൻ. താരത്തിൻറെ അനുഭവസമ്പത്ത് തീർച്ചയായും മലപ്പുറം എഫ്സിക്കൊരു മുതൽക്കൂട്ടായിരിക്കുമെന്നതിൽ സംശയമില്ല.