കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണില്‍ ആദ്യ മത്സരത്തിനായി കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ടീം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. ആദ്യ മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി തിരുവനന്തപുരം കൊമ്പന്‍സിനെ നേരിടും. ഒക്ടോബര്‍ 5 ന് ഞായറാഴ്ച വൈകീട്ട് 7.30 ന് ചന്ദ്രശേഖര്‍നായര്‍ സ്റ്റേഡിയത്തിലാണ് മത്സരം. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ ടീമിന് ആരാധക കൂട്ടായ്മ റെഡ് മറൈനേഴ്‌സിന്റെ നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കി. വെള്ളിയാഴ്ച യാത്രതിരിച്ച ടീം രാത്രിയോടെ തിരുവനന്തപുരത്ത് എത്തി. ശനിയാഴ്ച തിരുവനന്തപുരത്ത് പരിശീലനം നടത്തും.
ആദ്യ ഘട്ടത്തില്‍ സൂപ്പര്‍ ലീഗ് കേരള പുറത്തുവിട്ട മത്സരക്രമ പ്രകാരം രണ്ട് എവേ മത്സരങ്ങളാണ് കണ്ണൂരിനുള്ളത്. രണ്ടാം മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് മലപ്പുറം എഫ്.സി.യെ നേരിടും. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 12 ന് ആണ് മത്സരം.

സ്റ്റേഡിയത്തിലെ വാഹനങ്ങള്‍ മാറ്റിതുടങ്ങി
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയിലെ കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ ഹോം സ്‌റ്റേഡിയമായ കണ്ണൂര്‍ മുന്‍സിപ്പിള്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ജോലികള്‍ പുരോഗമിക്കുന്നു. സ്‌റ്റേഡിയത്തിന് അകത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ നീക്കി. ഉപയോഗശൂന്യമായി കിടന്നിരുന്ന 15 വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ചാണ് നീക്കം ചെയ്തത്. നീക്കം ചെയ്ത വാഹനങ്ങള്‍ മുന്‍സിപ്പാലിറ്റിയുടെ ചേലോറ ഡമ്പിംഗ് യാര്‍ഡിലേക്ക് കൊണ്ടുപോയി.
മത്സരം എവിടെ കാണാം
സൂപ്പര്‍ ലീഗ് കേരളയുടെ മത്സരങ്ങള്‍ ടെലിവിഷനില്‍ സോണി 2, സോണി 2 എച്ച്ഡി എന്നീ ചാനലുകളിലും www.sports.com എന്ന വെബ് സൈറ്റിലും കാണാം. മലയാളത്തിലുള്ള കമന്ററി ഡി.ഡി. മലയാളത്തിലും ലഭ്യമാണ്. കേരള വിഷനില്‍ സോണി 2 ചാനല്‍ നമ്പര്‍ 764, സോണി 2 എച്ച്ഡി ചാനല്‍ നമ്പര്‍ 860, ഡിഡി മലയാളം ചാനല്‍ നമ്പര്‍ 43, എ.സി.വിയില്‍ സോണി 2 ചാനല്‍ നമ്പര്‍ 307, സോണി 2 എച്ച്ഡി ചാനല്‍ നമ്പര്‍ 815, ഡിഡി മലയാളം ചാനല്‍ നമ്പര്‍ 113 എന്നീങ്ങനെയാണ് ചാനല്‍ നമ്പര്‍.