ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി ഓസ്ട്രേലിയൻ മണ്ണിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ പ്രകടനവുമായി ക്രിക്കറ്റ് ലോകത്തെ ഒരിക്കൽ കൂടെ ഞെട്ടിച്ചിരിക്കുകയാണ്. ബ്രിസ്ബേനിലെ ഇയാൻ ഹീലി ഓവലിൽ ഓസ്ട്രേലിയ അണ്ടർ-19 ടീമിനെതിരായ ആദ്യ യൂത്ത് ടെസ്റ്റിലാണ് ഈ 14-കാരൻ വെറും 78 പന്തിൽ സെഞ്ചുറി നേടി ചരിത്രം കുറിച്ചത്.
ആകെ വെറും 86 പന്തുകളിൽ നിന്ന് 113 റൺസ് നേടി. എട്ട് സിക്സറുകളും ഒമ്പത് ബൗണ്ടറികളും ഉൾപ്പെട്ടതായിരുന്നു ഈ തീപ്പൊരി ഇന്നിംഗ്സ്. ഒരു യൂത്ത് ടെസ്റ്റ് ഇന്നിംഗ്സിലെ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന പുതിയ റെക്കോർഡാണ് ഇതിലൂടെ താരം സ്വന്തമാക്കിയത്.
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 243-ന് മറുപടി നൽകാൻ ക്രീസിലെത്തിയ താരം, വേദാന്ത് ത്രിവേദിയുമായി ചേർന്ന് 152 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. 78 പന്തിലെ സെഞ്ചുറിയോടെ, ഓസ്ട്രേലിയൻ മണ്ണിലെ ഏറ്റവും വേഗമേറിയ യൂത്ത് ടെസ്റ്റ് സെഞ്ചുറിയെന്ന റെക്കോർഡ് തകർന്നു. ഓസ്ട്രേലിയയുടെ ലിയാം ബ്ലാക്ക്ഫോർഡ് സ്ഥാപിച്ച 124 പന്തുകളിലെ റെക്കോർഡാണ് സൂര്യവംശി പഴങ്കഥയാക്കിയത്. കൂടാതെ, 15 വയസ്സ് തികയുന്നതിന് മുമ്പ് 100-ൽ കുറവ് പന്തുകളിൽ രണ്ട് യൂത്ത് ടെസ്റ്റ് സെഞ്ചുറികൾ നേടുന്ന ആദ്യ കളിക്കാരനായും അദ്ദേഹം മാറി. ബ്രണ്ടൻ മക്കല്ലത്തിന്റെ ദീർഘകാല റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്.