മലപ്പുറം: കഴിഞ്ഞ സീസണിൽ കണ്ണൂർ വാരിയേർസിന് വേണ്ടി ഗോൾവല കാത്ത കീപ്പർ അജ്മൽ പി.എയെ ടീമിലെത്തിച്ച് മലപ്പുറം ഫുട്ബോൾ ക്ലബ്. മലപ്പുറം ചേലേമ്പ്ര സ്വദേശിയാണ് അജ്മൽ.29 വയസ്സാണ് താരത്തിൻറെ പ്രായം. കണ്ണൂരിന് വേണ്ടി ആദ്യ സീസണിൽ ഗോൾപോസ്റ്റിന് മുന്നിൽ നടത്തിയ സ്ഥിരതയാർന്ന പ്രകടനങ്ങളും മികച്ച സേവുകളും തന്നെയാണ് അജ്മലിനെ വേറിട്ടു നിർത്തുന്നത്.

കഴിഞ്ഞ സീസണിൽ കണ്ണൂർ വാരിയേർസിനു വേണ്ടി എല്ലാ മത്സരങ്ങളിലും ഗോൾപോസ്റ്റിന് കാവൽ നിന്നത് അജ്മൽ ആയിരുന്നു. 10 കളിയിൽ നിന്നും 28 സേവുകളും 5 ക്ലിയറൻസുകളുമായി ശ്രദ്ധേയമായ പ്രകടനം താരം കാഴ്ച വെച്ചു. ഇത്തവണ കിരീടം മാത്രം ലക്ഷ്യം വെച്ചിറങ്ങുന്ന മലപ്പുറം എഫ്സിക്ക് ഒരു മുതൽകൂട്ട് തന്നെയായിരിക്കും ഈ കാവൽക്കാരൻ.
ഗോകുലം കേരള എഫ്സിക്ക് വേണ്ടി ഐ-ലീഗ്, ഡ്യൂറണ്ട് കപ്പ് എന്നീ ലീഗുകളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. കൂടാതെ 2021ലും 2022 സീസണിലും ഗോകുലത്തിൻറെ കൂടെ ഐ-ലീഗ് കിരീടവും നേടിയിട്ടുണ്ട്. കേരള പ്രീമിയർ ലീഗിൽ എഫ്സി അരീക്കോട്, ലൂക്കാ എസ്.സി മലപ്പുറം, ബാസ്കോ എഫ്സി എന്നീ ടീമുകൾക്ക് വേണ്ടിയും ഗോൾവല കാത്തിട്ടുണ്ട്.