കൊളംബോ: SAFF അണ്ടർ-17 ചാമ്പ്യൻഷിപ്പ് കിരീടം ഇന്ത്യയുടെ അണ്ടർ-17 പുരുഷ ഫുട്ബോൾ ടീമിന്. ശനിയാഴ്ച കൊളംബോയിൽ നടന്ന ആവേശകരമായ ഫൈനലിൽ ബംഗ്ലാദേശിനെയാണ് യുവ ഇന്ത്യൻ താരങ്ങൾ തോൽപ്പിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 2-2 സമനില പാലിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാൽറ്റിയിൽ 4-1 ന് വിജയിച്ചാണ് ഇന്ത്യ തങ്ങളുടെ ഏഴാം SAFF അണ്ടർ-17 കിരീടം നേടിയത്.

നാലാം മിനിറ്റിൽ ദല്ലാൽമുൻ ഗാങ്ടെ നേടിയ ഗോളിലൂടെ ഇന്ത്യ മുന്നിലെത്തി. പിന്നീട് മുഹമ്മദ് മണിക്ക് നേടിയ ഗോളിലൂടെ ബംഗ്ലാദേശ് സമനില പിടിച്ചെങ്കിലും, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അസ്ലാൻ ഷാ ഖാൻ വീണ്ടും ഗോൾ നേടി ഇന്ത്യയ്ക്ക് ലീഡ് തിരികെ നൽകി. കളി അവസാനിപ്പിക്കാൻ ലഭിച്ച അവസരങ്ങൾ ഇന്ത്യ പാഴാക്കിയപ്പോൾ, 97-ാം മിനിറ്റിൽ ഇഹ്സാൻ ഹബീബ് റിദ്വാൻ നേടിയ സമനില ഗോളിലൂടെ ബംഗ്ലാദേശ് മത്സരം കൂടുതൽ നാടകീയമാക്കി.
എങ്കിലും, പെനാൽറ്റി ഷൂട്ടൗട്ടിൽ യുവ ‘ബ്ലൂ കോൾട്സ്’ തങ്ങളുടെ മനസ്സാന്നിധ്യം കൈവിട്ടില്ല. ഗാങ്ടെ, കൊറോ മെയ്തേയ് കോന്തൗജം, ഇന്ദ്ര റാണ മാഗർ, ശുഭം പൂനിയ എന്നിവരെല്ലാം പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു. ഗോൾകീപ്പർ മനഷ്ജ്യോതി ബറുവ ബംഗ്ലാദേശിന്റെ ഒരു ശ്രമം രക്ഷിക്കുകയും മറ്റൊന്ന് ക്രോസ് ബാറിൽ തട്ടിത്തെറിക്കുകയും ചെയ്തതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു.
പരിശീലകൻ ബിബിയാനോ ഫെർണാണ്ടസിന് ഈ വിജയം മൊത്തത്തിൽ അഞ്ചാമത്തെ SAFF കിരീടവും ഈ വർഷം അണ്ടർ-19 വിജയം നേടിയ ശേഷം അഞ്ചുമാസത്തിനുള്ളിൽ ലഭിക്കുന്ന രണ്ടാമത്തെ കിരീടവുമാണ്.