ദുബായ്: ഏഷ്യാ കപ്പ് 2025ലെ നിർണായക സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ബംഗ്ലാദേശിന് 136 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ബംഗ്ലാദേശ് പാകിസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനാണ് പാകിസ്ഥാന് കഴിഞ്ഞത്. ബംഗ്ലാദേശിനായി തകർപ്പൻ ബോളിംഗ് പ്രകടനമാണ് ടസ്കിൻ അഹമ്മദ് കാഴ്ചവെച്ചത്.

തുടക്കം മുതൽക്കേ ബംഗ്ലാദേശ് ബോളർമാർ ആധിപത്യം പുലർത്തി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി പാകിസ്ഥാനെ സമ്മർദ്ദത്തിലാക്കി. 4 ഓവറിൽ 28 റൺസ് വഴങ്ങി 3 വിക്കറ്റുകളാണ് ടസ്കിൻ അഹമ്മദ് നേടിയത്. മെഹിദി ഹസൻ, റിഷാദ് ഹുസൈൻ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി. മുസ്തഫിസുർ റഹ്മാനും തൻസിം ഹസൻ സാകിബും റൺസ് വിട്ടുകൊടുക്കാതെ സമ്മർദ്ദം നിലനിർത്തി.
പാകിസ്ഥാൻ ബാറ്റിംഗ് നിരയിൽ മുഹമ്മദ് ഹാരിസ് (31), മുഹമ്മദ് നവാസ് (25), ഷഹീൻ അഫ്രീദി (19), സൽമാൻ ആഘ (19) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. പാകിസ്ഥാൻ നായകൻ സൽമാൻ ആഘ ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും മുസ്തഫിസുർ റഹ്മാന്റെ പന്തിൽ പുറത്തായി. 23 പന്തിൽ 31 റൺസെടുത്ത ഹാരിസാണ് പാകിസ്ഥാൻ നിരയിലെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ ഷഹീൻ അഫ്രീദിയും മുഹമ്മദ് നവാസും ചേർന്ന് നേടിയ റൺസുകളാണ് പാകിസ്ഥാൻ സ്കോർ 130 കടത്തിയത്. ഇന്ന് ജയിക്കുന്ന ടീം ഫൈനലിൽ എത്തും.