ജപ്പാൻ ഓപ്പൺ ആദ്യ റൗണ്ടിൽ അർജന്റീനയുടെ സെബാസ്റ്റ്യൻ ബയസിനെ പരാജയപ്പെടുത്തി ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരസ്. 6-4, 6-2 എന്ന സ്കോറിനാണ് അൽകാരസിന്റെ വിജയം. മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റത് താരത്തിനും ആരാധകർക്കും ആശങ്കയുണ്ടാക്കി.
ആദ്യ സെറ്റിന്റെ മധ്യത്തിൽ അൽകാരസിന്റെ ഇടത് കണങ്കാലിന് പരിക്ക് പറ്റുകയായിരുന്നു. കളി നിർത്തി വൈദ്യസഹായം തേടിയ ശേഷം കണങ്കാലിൽ കെട്ടുമായാണ് താരം കളി തുടർന്നത്. മഴ കാരണം സ്റ്റേഡിയം അടച്ചുവെങ്കിലും യുഎസ് ഓപ്പൺ ചാമ്പ്യനായ അൽകാരസ് താളം വീണ്ടെടുത്ത് ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ ആധിപത്യം തുടർന്നുകൊണ്ട് അനായാസം വിജയം നേടുകയും ചെയ്തു.
രണ്ടാം റൗണ്ടിൽ ബെൽജിയത്തിന്റെ സിസോ ബെർഗ്സിനെയോ ചിലിയുടെ അലജാൻഡ്രോ ടാബിലോയെയോ ആണ് അൽകാരസ് നേരിടുക.