സർ ജിം റാറ്റ്ക്ലിഫിന്റെ നേതൃത്വത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെ പുനഃസംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി രണ്ട് യുവ താരങ്ങളെ ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 17 വയസ്സുള്ള സെനഗൽ താരം മൗഹമ്മദ് ഡാബോ, കൊളംബിയൻ താരം ക്രിസ്റ്റ്യൻ ഒറോസ്കോ എന്നിവരുമായി യുണൈറ്റഡ് കരാർ ഉറപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇരുവരും അതാത് രാജ്യങ്ങളുടെ അണ്ടർ-17 ടീമിന്റെ ക്യാപ്റ്റൻമാരാണ്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി യുണൈറ്റഡിനൊപ്പം പരിശീലനം നടത്തുന്ന ഡാബോ മധ്യനിരയിലെ തന്റെ പ്രകടനത്തിലൂടെ കോച്ചിനെ ആകർഷിച്ചു. ബാഴ്‌സലോണയും താരത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും യുണൈറ്റഡ് തന്നെയാണ് മുന്നിൽ. Bsport അക്കാദമിയിലൂടെ വളർന്നുവന്ന ഡാബോ, മികച്ച ശാരീരികക്ഷമതയും സാങ്കേതികമികവുമുള്ള ഒരു ആധുനിക മിഡ്ഫീൽഡറായാണ് കണക്കാക്കപ്പെടുന്നത്. ഡാബോയെ യുണൈറ്റഡിന്റെ അണ്ടർ-21 ടീമിലേക്കാണ് ആദ്യം പരിഗണിക്കുന്നത്.
കൊളംബിയൻ യുവതാരം ക്രിസ്റ്റ്യൻ ഒറോസ്കോയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയിലെത്തിയതായിട്ടാണ് വിവരം. അടുത്ത വേനൽക്കാലത്ത് 18 വയസ്സ് തികയുമ്പോൾ ഒറോസ്കോ ടീമിനൊപ്പം ചേരും. നിലവിൽ ഫോർട്ടലേസയുടെ താരമായ ഈ സെൻട്രൽ മിഡ്ഫീൽഡറെ സ്വന്തമാക്കാൻ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾ രംഗത്തുണ്ടായിരുന്നെങ്കിലും ഒറോസ്കോ ഓൾഡ് ട്രാഫോർഡ് തിരഞ്ഞെടുക്കുകയായിരുന്നു.