ഏഷ്യാ കപ്പ് 2025-ലെ സൂപ്പർ ഫോഴ്സ് പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 168 റൺസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് 168 റൺസെടുത്തത്. തകർപ്പൻ പ്രകടനം കാഴ്ചവെച്ച അഭിഷേക് ശർമ്മയുടെ 75 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്.

37 പന്തിൽ 6 ഫോറും 5 സിക്സുമടക്കം 75 റൺസ് നേടിയാണ് അഭിഷേക് ശർമ്മ ഇന്ത്യൻ സ്കോർ ഉയർത്തിയത്. പിന്നീട് റണ്ണൗട്ടിലൂടെയാണ് താരം പുറത്തായത്. ശുഭ്മാൻ ഗിൽ 19 പന്തിൽ 29 റൺസെടുത്ത് മികച്ച പിന്തുണ നൽകി. അഭിഷേക് ശർമ്മയും ഗില്ലും ചേർന്ന് 77 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
ഹാർദിക് പാണ്ഡ്യ 29 പന്തിൽ 38 റൺസ് നേടി നിർണ്ണായക സംഭാവന നൽകി. 4 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിങ്സ്. അക്സർ പട്ടേൽ 15 പന്തിൽ 10 റൺസെടുത്ത് പുറത്താകാതെ നിന്നു. തിലക് വർമ്മ, സൂര്യകുമാർ യാദവ് എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല.
ബംഗ്ലാദേശിനായി റിഷാദ് ഹുസൈൻ മൂന്ന് ഓവറിൽ 27 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു. മുസ്തഫിസുർ റഹ്മാൻ, മുഹമ്മദ് സൈഫുദ്ദീൻ, തൻസിം ഹസൻ സാകിബ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അഭിഷേക് ശർമ്മയും ഗില്ലും തമ്മിലുള്ള 77 റൺസിന്റെയും പാണ്ഡ്യയും അക്സറും തമ്മിലുള്ള 39 റൺസിന്റെയും കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിങ്സിന് വലിയ മുതൽക്കൂട്ടായി. ഫൈനൽ
പ്രതീക്ഷ നിലനിർത്താൻ ബംഗ്ലാദേശിന് 168 റൺസ് മറികടക്കേണ്ടതുണ്ട്.