മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിലേക്ക് മികച്ച തയ്യാറെടുപ്പുകളുമായി മുന്നേറുന്ന മലപ്പുറം ഫുട്ബോൾ ക്ലബ്ബിന്റെ ഔദ്യോഗിക ലോഞ്ച് സെപ്റ്റംബർ 26 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ചടങ്ങിൽ മലപ്പുറം എഫ്സിയുടെ പുതിയ കളിക്കാരെയും കോച്ചിനെയും ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും. ഒക്ടോബർ 3ന് നടക്കുന്ന ആദ്യ ഹോം മത്സരത്തിന്റെ ടിക്കറ്റ് ഉൽഘാടനവും പരിപാടിയിൽ നടക്കും. എംഎഫ്സി ടീം പ്രമോട്ടർമാരും ചടങ്ങിൽ സന്നിഹിതരായിക്കും.

ഇന്ത്യൻ നെറ്റ്ബോൾ, ബാസ്ക്കറ്റ്ബോൾ ടീമിന്റെ മുൻ ക്യാപ്റ്റനും പ്രശസ്ത സിനിമാ നടിയുമായ പ്രാചി തെഹ്ലൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ക്ലബ്ബിന്റെ ഈ സീസണിലേക്കുള്ള പുതിയ ഔദ്യോഗിക ജേഴ്സികളുടെ പ്രകാശനവും പരിപാടിയിൽ താരം നിർവ്വഹിക്കും. പുതിയ സീസണിന് മുന്നോടിയായി മലപ്പുറത്തെ ഫുട്ബോൾ പെരുമയും അഭിനിവേശവും വീണ്ടും ആഘോഷിക്കുന്നതിനും ടീമുമായി ആരാധകർക്ക് കൂടുതൽ അടുത്തിടപഴകുന്നതിന് അവസരമൊരുക്കുന്നതിന്റെയും ഭാഗമായാണ് ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് മാനേജ്മെൻറ് പ്രധിനിധികൾ പറഞ്ഞു.
6 വിദേശ കളിക്കാരുൾപ്പെടെ 26 പേരാണ് നിലവിൽ സ്ക്വാഡിലുള്ളത്. യുവ സ്പാനിഷ് പരിശീലകനായ മിഗ്വേൽ കോറൽ ടൊറൈറയാണ് ടീമിന്റെ ഹെഡ് കോച്ച് . വെറും 34 വയസ്സ് മാത്രമാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞ സീസണിലും ടീമിന്റെ കൂടെയുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ക്ലിയോഫസ് അലക്സ് തന്നെയാണ് ഇത്തവണയും അസിസ്റ്റന്റ് കോച്ച്. ഐ-ലീഗ് രണ്ടാം ഡിവിഷനിൽ സാറ്റ് തിരൂരിനെ പരിശീലിപിച്ചിട്ടുണ്ട്. ചെന്നൈയിൻ എഫ്.സി റിസർവ് ടീം മുഖ്യ പരിശീലകനും കൂടിയായിരുന്നു.
രണ്ട് മണിക്കൂർ നീണ്ട് നിൽക്കുന്ന പരിപാടിയിൽ ആരാധകർക്കായി വയലിനിസ്റ്റും സംഗീതഞ്ജനുമായ സെഫിൻ ഫരീദും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടാകും. എസ്എൽകെയുടെ ആദ്യ സീസണിൽ മലപ്പുറത്തെ ജനങ്ങൾ നൽകിയ പിന്തുണ വിലമതിക്കാനാവത്തതായിരുന്നു. ഈ വർഷവും അതേ പിന്തുണ ആരാധകരുടെ അടുത്ത് നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും 26തിയ്യതി രണ്ടായിരത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നതെന്നും ക്ലബ് പ്രധിനിധികൾ പറഞ്ഞു.