വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ കളിക്കാൻ തയ്യാറാണെന്ന് സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര ബി.സി.സി.ഐയെ അറിയിച്ചു. ഒക്ടോബർ രണ്ടിന് അഹമ്മദാബാദിലാണ് പരമ്പര തുടങ്ങുന്നത്. പരിക്കുകൾ കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി വിശ്രമത്തിലായിരുന്ന ബുമ്റ, നിലവിൽ യു.എ.ഇയിൽ നടക്കുന്ന ഏഷ്യാ കപ്പിൽ കളിച്ചുകൊണ്ടിരിക്കുകയാണ്. ഏഷ്യാ കപ്പിന് ശേഷം ഉടൻ തന്നെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാറാനാണ് താരം തീരുമാനിച്ചിട്ടുള്ളത്.
ബുമ്റയ്ക്ക് വിശ്രമം നൽകേണ്ടതില്ലെന്ന് ടീം മാനേജ്മെന്റും അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെയ്റ്റും വ്യക്തമാക്കിയിട്ടുണ്ട്. ഏഷ്യാ കപ്പ് ഫൈനലിന് ശേഷം മൂന്ന് ദിവസത്തെ ഇടവേള മാത്രമേ ആദ്യ ടെസ്റ്റിനുള്ളൂ. അതുകൊണ്ട് തന്നെ ബുമ്റയുടെ ഫോം നിലനിർത്താനും മത്സരപരിചയം കൂട്ടാനും ഈ തീരുമാനം സഹായിക്കും.