കാറബാവോ കപ്പ് മത്സരത്തിൽ സൗത്താംപ്ടണിനെതിരെ ലിവർപൂളിന്റെ യുവ പ്രതിരോധ താരം ജിയോവാനി ലിയോണിക്ക് കാൽമുട്ടിന് ഗുരുതര പരിക്ക്. മത്സരത്തിൻ്റെ രണ്ടാം പകുതിയിൽ പരിക്കേറ്റതിനെത്തുടർന്ന് സ്ട്രെച്ചറിലാണ് താരത്തെ പുറത്തേക്ക് കൊണ്ടുപോയത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച ലിവർപൂൾ മാനേജർ ആർനെ സ്ലോട്ട്, “ഇതുപോലൊരു സാഹചര്യത്തിൽ ഒരു താരം പുറത്തേക്ക് പോവുകയാണെങ്കിൽ അത് നല്ല സൂചനയല്ല” എന്ന് അഭിപ്രായപ്പെട്ടു.
കളിയുടെ തുടക്കത്തിൽ ലിയോണി മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും അദ്ദേഹത്തിൻ്റെ കാൽമുട്ട് പൊട്ടുകയായിരുന്നു. എ.സി.എൽ പരിക്ക് പരിശോധിക്കുന്ന ലാച്ച്മാൻ ടെസ്റ്റിന് താരത്തെ വിധേയനാക്കിയെന്ന് മെഡിക്കൽ ടീം അറിയിച്ചു. പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് മെഡിക്കൽ ടീം. എ.സി.എൽ പരിക്കാണെങ്കിൽ ഒമ്പത് മാസത്തിലധികം ലിയോണിക്ക് പുറത്തിരിക്കേണ്ടി വരും. അതേസമയം, മെനിസ്കസ് പരിക്കാണെങ്കിൽ നാല് മാസവും, എല്ലിന് ചതവാണെങ്കിൽ ഏതാനും ആഴ്ച്ചകൾക്കുള്ളിലും താരം കളിക്കളത്തിലേക്ക് മടങ്ങിയെത്തും.