ചൈനീസ് താരം ഷിൻയു ഗാവോയെ അട്ടിമറിച്ച് ഇന്ത്യൻ ടെന്നീസ് താരം റിയ ഭാട്ടിയ ജിൻഷാൻ ഓപ്പൺ ടെന്നീസിൻ്റെ പ്രീ-ക്വാർട്ടറിൽ കടന്നു. ലോക റാങ്കിങ്ങിൽ 499-ാം സ്ഥാനത്തുള്ള റിയ ഭാട്ടിയ, 187-ാം സ്ഥാനത്തുള്ള ഗാവോയെയാണ് പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-4, 1-6, 6-3 എന്ന സ്കോറിനാണ് റിയയുടെ വിജയം. താരത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ച വിജയമാണിത്.

രണ്ട് മണിക്കൂറും മൂന്ന് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് 27-കാരിയായ റിയ ഭാട്ടിയ വിജയം നേടിയത്. ടോപ് 200 റാങ്കിംഗിലുള്ള ഒരു താരത്തിനെതിരെ റിയ നേടുന്ന ആദ്യത്തെ വിജയമാണിത്. നാട്ടുകാരിയായതുകൊണ്ടും ഉയർന്ന റാങ്കിംഗ് ഉള്ളതുകൊണ്ടും ഗാവോയ്ക്കായിരുന്നു മത്സരത്തിൽ മുൻതൂക്കം. എന്നിരുന്നാലും, നിർണായകമായ മൂന്നാം സെറ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് റിയ വിജയം സ്വന്തമാക്കി.
മത്സരത്തിൽ വിജയിച്ചതിലൂടെ പ്രീ-ക്വാർട്ടറിൽ പ്രവേശിച്ച റിയ ഭാട്ടിയ, പരിചയസമ്പന്നയായ ചൈനീസ് താരം ജിയ-ജിംഗ് ലുവിനെ നേരിടും. യോഗ്യതാ റൗണ്ടിൽ ജിയ-ജിംഗ് ലുവിനെതിരെ റിയ വിജയിച്ചിരുന്നു.