ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഏഷ്യാ കപ്പ് 2025 സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ മികച്ച സ്കോർ നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു.

ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനുവേണ്ടി ഓപ്പണർമാരായ ഫഖർ സമാനും സാഹിബ്സാദ ഫർഹാനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 9 പന്തിൽ 15 റൺസെടുത്ത ഫഖർ സമാനെ ഹാർദിക് പാണ്ഡ്യ പുറത്താക്കി. തുടർന്ന് സാഹിബ്സാദ ഫർഹാൻ (58), സൈം അയൂബ് (21) എന്നിവർ ചേർന്ന് 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഫർഹാൻ 45 പന്തിൽ 5 ഫോറും 3 സിക്‌സും സഹിതമാണ് 58 റൺസെടുത്തത്.
മധ്യനിരയിൽ ഹുസൈൻ തലത്ത് 11 പന്തിൽ 10 റൺസെടുത്തപ്പോൾ, മുഹമ്മദ് നവാസ് 19 പന്തിൽ 21 റൺസെടുത്തു. സൂര്യകുമാർ യാദവിന്റെ മികച്ച ഫീൽഡിംഗിൽ റണ്ണൗട്ടായാണ് നവാസ് പുറത്തായത്. ക്യാപ്റ്റൻ സൽമാൻ ആഘ (17), ഫഹീം അഷ്റഫ് (20) എന്നിവർ അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് പാകിസ്ഥാൻ സ്കോർ 170 കടത്തിയത്. 8 പന്തിൽ 2 ഫോറും 2 സിക്‌സും സഹിതമാണ് അഷ്റഫ് 20 റൺസെടുത്തത്.