വാഷിങ്ടൺ: ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ താരമെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ലയണൽ മെസ്സി. ഡിസി യുണൈറ്റഡിനെതിരായ ആവേശകരമായ മത്സരത്തിൽ ഇരട്ട ഗോളും ഒരു അസിസ്റ്റും നേടിയ മെസ്സി, ഇന്റർ മയാമിയെ പ്ലേഓഫ് യോഗ്യതയ്ക്ക് അടുത്തെത്തിച്ചു. 38-കാരനായ മെസ്സി ഈ സീസണിൽ 22 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളുമായി ലീഗിലെ ടോപ് സ്കോറർ പദവിയും തിരികെ പിടിച്ചു.

മഴ നനഞ്ഞ ചേസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ഇന്റർ മയാമി തുടക്കം മുതൽ ആധിപത്യം പുലർത്തി. മെസ്സിയുടെ തകർപ്പൻ അസിസ്റ്റിൽ അല്ലെൻഡെയാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബെന്റകെയിലൂടെ ഡിസി യുണൈറ്റഡ് സമനില പിടിച്ചു. എന്നാൽ, ജോർഡി ആൽബയുടെ അസിസ്റ്റിൽ ക്ലാസിക് ഇടം കാൽ ഫിനിഷിലൂടെ മെസ്സി മയാമിയുടെ ലീഡ് തിരികെ നൽകി.
മത്സരത്തിനിടെ മെസ്സി യുവതാരം സിൽവെറ്റിക്ക് ഒരു പെനാൽറ്റി നൽകിയത് അദ്ദേഹത്തിന്റെ സ്പോർട്സ്മൻ സ്പിരിറ്റ് എടുത്തുകാണിച്ച്യ്. നിർഭാഗ്യവശാൽ സിൽവെറ്റിക്ക് ആ പെനാൽറ്റി ഗോളാക്കാനായില്ല. എങ്കിലും, മെസ്സിയുടെ ഒരു ഒറ്റയാൾ പ്രകടനം മയാമിയുടെ മൂന്നാം ഗോളിന് വഴിയൊരുക്കി. ഡിസി യുണൈറ്റഡിന്റെ അവസാന മിനിറ്റിലെ ഗോൾ വിജയം തടയാൻ പര്യാപ്തമായിരുന്നില്ല. 3-2 എന്ന സ്കോറിന് മയാമി വിജയം സ്വന്തമാക്കി.
ഈ വിജയത്തോടെ ഇന്റർ മയാമി ഈസ്റ്റേൺ കോൺഫറൻസ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.