കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൽ വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ഒരിന്നിങ്സിൻ്റെയും 210 റൺസിൻ്റെയും കൂറ്റൻ വിജയം സ്വന്തമാക്കി ആത്രേയ ക്രിക്കറ്റ് ക്ലബ്ബ്. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെതിരെ ഒരിന്നിങ്സിനും 72 റൺസിനുമായിരുന്നു ലിറ്റിൽ മാസ്റ്റേഴ്സ് ക്ലബ്ബിൻ്റെ വിജയം.മറ്റൊരു മല്സരത്തിൽ RSC SG ക്രിക്കറ്റ് സ്കൂളിനെതിരെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ സസെക്സ് ക്രിക്കറ്റ് ക്ലബ്ബ് പൊരുതുകയാണ്.
ഓപ്പണർ വിശാൽ ജോർജ്ജിൻ്റെ ഉജ്ജ്വല ഇരട്ട സെഞ്ച്വറിയാണ് ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ 352 റൺസിൻ്റെ കൂറ്റൻ ലീഡ് നേടിക്കൊടുത്തത്. 276 പന്തുകളിൽ 27 ഫോറും ഒരു സിക്സുമടക്കം 213 റൺസാണ് വിശാൽ നേടിയത്. കഴിഞ്ഞ മല്സരത്തിലും വിശാൽ ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ അർദ്ധ സെഞ്ച്വറിയും നേടിയിരുന്നു. വിശാലിനെ കൂടാതെ ധീരജ് ഗോപിനാഥ് 72ഉം നവീൻ പ്രതീഷ് 53ഉം റൺസെടുത്തു. ആത്രേയ ക്ലബ്ബ് ആദ്യ ഇന്നിങ്സിൽ ഏഴ് വിക്കറ്റിന് 398 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങി വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബിന് രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച നേരിട്ടതോടെ 142 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 42 റൺസെടുത്ത അഷിൻ അജിത് കുമാർ മാത്രമാണ് പിടിച്ചു നിന്നത്. ആത്രേയയ്ക്ക് വേണ്ടി കെ എസ് നവനീത് മൂന്നും, ഇഷാൻ സാജു, ശ്രീഹരി പ്രസാദ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
തുമ്പ സെൻ്റ് സേവിയേഴ്സ് കോളേജ് ഗ്രൌണ്ടിൽ നടന്ന മല്സരത്തിൽ ലിറ്റിൽ മാസ്റ്റേഴ്സ് ക്ലബ്ബിൻ്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 284 റൺസിനെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് ആദ്യ ഇന്നിങ്സിൽ 72 റൺസിന് ഓൾ ഔട്ടായി. 31 റൺസെടുത്ത ക്യാപ്റ്റൻ അഭിഷേക് അഭിയും 15 റൺസെടുത്ത ഓപ്പണർ എസ് ആർ വൈഷ്ണവും മാത്രമാണ് രണ്ടക്കം കടന്നത്. ലിറ്റിൽ മാസ്റ്റേഴ്സിന് വേണ്ടി എസ് വി ആദിത്യൻ നാലും അഭിനവ് ആർ നായർ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. തുടർന്ന് ഫോളോ ഓൺ ചെയ്ത തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിൻ്റെ രണ്ടാം ഇന്നിങ്സ് 140 റൺസിന് അവസാനിച്ചതോടെയാണ് ലിറ്റിൽ മാസ്റ്റേഴ്സ് ഒരിന്നിങ്സിൻ്റെയും 72 റൺസിൻ്റെയും വിജയം സ്വന്തമാക്കിയത്.ലിറ്റിൽ മാസ്റ്റേഴ്സിന് വേണ്ടി രണ്ടാം ഇന്നിങ്സിൽ എസ് വി ആദിത്യൻ, ശ്രാവൺ സുരേഷ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
തൊടുപുഴ കെസിഎ ഗ്രൌണ്ട് ഒന്നിൽ നടക്കുന്ന മല്സരത്തിൽ സസെക്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ബാറ്റിങ് തുടർന്ന RSC SG ക്രിക്കറ്റ് സ്കൂൾ ആദ്യ ഇന്നിങ്സിൽ ഒൻപത് വിക്കറ്റിന് 415 റൺസെടുത്തു. സെഞ്ച്വറി നേടിയ അദ്വൈത് വിജയുടെയും മിഥുൻ കൃഷ്ണയുടെയും പ്രകടനമാണ് RSC SGയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. അദ്വൈത് വിജയ് 102ഉം മിഥുൻ കൃഷ്ണ 139ഉം റൺസ് നേടി. സസെക്സിന് വേണ്ടി അഭയ് വൈഷ്ണവ് നാലും മുഹമ്മദ് റെഹാൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ സസെക്സ് കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 99 റൺസെന്ന നിലയിലാണ്.ആറ് വിക്കറ്റ് ശേഷിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ സസെക്സിന് 160 റൺസ് കൂടി വേണം.RSC SGയ്ക്ക് വേണ്ടി ശിവദത്ത് സുധീഷും യദു കൃഷ്ണയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.