ഓസ്ട്രേലിയൻ ടി20 ടീമിന് തിരിച്ചടി. ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിസ് പരിക്കേറ്റ് പുറത്തായി. പെർത്തിൽ പരിശീലനത്തിനിടെയാണ് ഇംഗ്ലിഷിന് പേശിവലിവ് അനുഭവപ്പെട്ടത്. സ്കാനിംഗിൽ പരിക്ക് സ്ഥിരീകരിക്കുകയും ഒക്ടോബർ 1, 3, 4 തീയതികളിൽ മൗണ്ട് മൗംഗനൂയിയിൽ നടക്കുന്ന മൂന്ന് മത്സരങ്ങളിൽ നിന്നും താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്നും അറിയിച്ചു. പരിക്കേറ്റ ഇംഗ്ലിഷിന് പകരം അലക്സ് ക്യാരിയെ ടീമിൽ ഉൾപ്പെടുത്തി.
കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇംഗ്ലിഷിന് കാലിന് പരിക്കേൽക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇത് താരത്തിന്റെ ഭാവി പരിപാടികളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു. പരിക്കേറ്റ പാറ്റ് കമ്മിൻസ്, ഷെഫീൽഡ് ഷീൽഡ് മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാമറൂൺ ഗ്രീൻ, ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലുള്ള നഥാൻ എല്ലിസ് എന്നിവരുടെ അഭാവവും ഓസ്ട്രേലിയൻ ടീമിന് വെല്ലുവിളിയാണ്.
ഒക്ടോബറിൽ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയോടെ ഇംഗ്ലിഷ് ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.