ലഖ്നൗ: ഐപിഎൽ 2025 സീസണിന് ശേഷം ലഖ്നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്റർ സ്ഥാനത്ത് നിന്ന് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ രാജിവെച്ചു. ഒരു സീസണിൽ മാത്രമാണ് സഹീർ ടീമിനൊപ്പം പ്രവർത്തിച്ചത്. ടീം ഉടമ സഞ്ജീവ് ഗോയങ്ക, മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗർ, സഹീർ ഖാൻ എന്നിവരുടെ കാഴ്ചപ്പാടുകളിലുള്ള ഭിന്നതയാണ് ഈ വേർപിരിയലിന് പ്രധാന കാരണം.

ഐപിഎൽ 2025-ന് മുന്നോടിയായുള്ള മെഗാ ലേലത്തിന് മുമ്പ് ഗൗതം ഗംഭീറിന് പകരക്കാരനായിട്ടാണ് സഹീർ ഖാൻ എൽ.എസ്.ജി ക്യാമ്പിലെത്തിയത്. ടീം ക്യാപ്റ്റൻ റിഷഭ് പന്തുമായി നല്ല ബന്ധമുണ്ടായിരുന്നെങ്കിലും, ടീമിന്റെ നേതൃനിരയിലെ “ചിന്താക്കുഴപ്പങ്ങൾ” സഹീറിനെ നിരാശനാക്കിയിരുന്നു. ഇതാണ് സീസണിന്റെ രണ്ടാം പകുതിയിൽ ടീമിന്റെ പ്രകടനത്തെ ബാധിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
റിഷഭ് പന്തിന്റെ നേതൃത്വത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്‌സ് ഐപിഎൽ 2025 സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 6 വിജയങ്ങൾ മാത്രം നേടി ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സ്ഥിരതയില്ലായ്മയും പരിക്കുകളുമായിരുന്നു ടീമിന് പ്രധാന വെല്ലുവിളി. പേസർ മായങ്ക് യാദവിന് പരിക്ക് കാരണം രണ്ട് മത്സരങ്ങളിൽ മാത്രമാണ് കളിക്കാനായത്. വരാനിരിക്കുന്ന ഐപിഎൽ 2026 മിനി ലേലത്തിന് മുന്നോടിയായി മായങ്ക് യാദവ്, മൊഹ്സിൻ ഖാൻ, രവി ബിഷ്ണോയി, ഡേവിഡ് മില്ലർ തുടങ്ങിയ ചില കളിക്കാരെ ടീം ഒഴിവാക്കാൻ സാധ്യതയുണ്ട്.