ദുബായ്: ഏഷ്യാ കപ്പ് 2025-ൽ യുഎഇയെ 41 റൺസിന് തോൽപ്പിച്ച് പാകിസ്ഥാൻ സൂപ്പർ 4 ഘട്ടത്തിലേക്ക് മുന്നേറി. ഇന്ത്യയുമായുള്ള മത്സരത്തിന് ശേഷം നടന്ന “ഹാൻഡ്ഷേക്ക് വിവാദ”ത്തെ തുടർന്ന് പാകിസ്ഥാൻ മത്സരത്തിൽ പങ്കെടുക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നതിനാൽ മത്സരം വൈകിയാണ് ഇന്ന് തുടങ്ങിയത്.

ബാറ്റിങ്ങിൽ ഫഖർ സമാൻ (36 പന്തിൽ 50), ഷഹീൻ ഷാ അഫ്രീദി (29*), എന്നിവരുടെ പ്രകടനം പാകിസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചു. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണ് പാകിസ്ഥാൻ നേടിയത്. യുഎഇ ബൗളർമാരായ ജുനൈദ് സിദ്ദിഖ് (4/18), സിമ്രൻജീത് സിംഗ് (3/26) എന്നിവർ പാകിസ്ഥാന്റെ മുൻനിരയെ തകർത്ത പ്രകടനമാണ് നടത്തിയത്.
എന്നാൽ, പാകിസ്ഥാൻ ബൗളിങ്ങിന് മുന്നിൽ യുഎഇക്ക് പിടിച്ചുനിൽക്കാനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ട അവർക്ക് കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ സാധിക്കാതെ വന്നതോടെ 105 റൺസിന് ഓൾ ഔട്ടായി.
ഈ വിജയത്തോടെ പാകിസ്ഥാൻ സൂപ്പർ 4-ലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് എയിൽ നിന്ന് മികച്ച നെറ്റ് റൺറേറ്റോടെ ഇന്ത്യ നേരത്തെ തന്നെ സൂപ്പർ ഫോറിലേക്ക് പ്രവേശിച്ചിരുന്നു. ഇതോടെ അടുത്ത സൂപ്പർ 4 ഘട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഏറ്റുമുട്ടും.