പനാജി: എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ടു ഗ്രൂപ്പ് ഡി മത്സരത്തിൽ ഇന്ത്യയുടെ എഫ്‌സി ഗോവയ്ക്ക് പരാജയം. സ്വന്തം തട്ടകമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇറാഖി ക്ലബ്ബായ അൽ സവ്‌റയോടാണ് ഗോവ 0-2ന് തോറ്റത്. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ ഗോവയ്ക്ക് തിരിച്ചടിയായി.

മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും ആക്രമണങ്ങൾ അഴിച്ചുവിട്ടു. അൽ സവ്‌റയുടെ മുഹമ്മദ് ഖാസിമിന്റെ ഒരു ശക്തമായ ഷോട്ട് ക്രോസ്ബാറിൽ തട്ടിത്തെറിച്ചപ്പോൾ, എഫ്‌സി ഗോവയുടെ ജാവിയർ സിവേറിയോയുടെ ഒരു ഹെഡർ ഗോൾപോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോയി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റെസിഖ് ബനിഹാനിയുടെ ഗോളിൽ അൽ സവ്‌റ മുന്നിലെത്തി.
രണ്ടാം പകുതിയിൽ സമനില ഗോളിനായി എഫ്‌സി ഗോവ നിരന്തരം ശ്രമിച്ചു. എന്നാൽ അൽ സവ്‌റയുടെ പ്രതിരോധം ഭേദിക്കാൻ ഗോവയ്ക്ക് കഴിഞ്ഞില്ല. അയുഷ് ഛേത്രിയും സിവേറിയോയും അൽ സവ്‌റ ഗോൾകീപ്പർ ജലാൽ ഹസ്സനെ പരീക്ഷിച്ചെങ്കിലും അദ്ദേഹം മികച്ച സേവുകളിലൂടെ ടീമിന്റെ ലീഡ് നിലനിർത്തി. ഇഞ്ചുറി ടൈമിൽ നിസാർ അൽറഷ്ദാൻ ഗോൾ നേടിയതോടെ അൽ സവ്‌റ വിജയം ഉറപ്പിച്ചു.