കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ സ്പാനിഷ് പരിശീലകന്‍ മാനുവല്‍ സാഞ്ചസിന് ഹൃദ്യമായ വരവേല്‍പ് നല്‍കി ക്ലബ് ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്‌സും ടീം മാനേജ്മെന്റും.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12.20 ന് എത്തിയ പരിശീലകനെ സ്‌പോര്‍ട്ടിംങ് ഡയറക്ടര്‍ ജുവല്‍ ജോസും ടീം മാനേജര്‍ അല്‍ഫിന്‍ കെ ജോസഫും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ആരാധകരില്‍ നിന്ന് രണ്ടു പേര്‍ കോച്ചിനെ സ്‌കാഫ് അണിച്ചു. കോച്ചിനൊപ്പം അര്‍ജന്റീനന്‍ സെന്റര്‍ ബാക്ക് നിക്കോളാസ് ഡെല്‍മോണ്ടെയും കണ്ണൂരിലെത്തി.
കോച്ചിനെയും താരത്തെയും കാത്ത് നിരവധി റെഡ് മറൈനേഴ്‌സ് ആരാധകര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. സ്വാഗതം ചെയ്ത് കൊണ്ടുള്ള ബാനറിനു പിന്നില്‍ എല്ലാവരും അണിനിരന്ന് കൈയ്യടികളോടെ ഉച്ചത്തിലുള്ള ചാന്റുകള്‍ ചൊല്ലിയാണ് വരവേറ്റത്. തുടര്‍ന്ന് റെഡ് മറൈനേഴ്‌സിനൊപ്പം ഫോട്ടോയും എടുത്താണ് ഇരുവരും വിമാനത്താവണം വിട്ടത്. ഇരുവരും വൈകീട്ട് കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ പരിശീലത്തില്‍ പങ്കെടുത്തു. നിലവില്‍ കണ്ണൂരിന്റെ അഞ്ച് വിദേശതാരങ്ങള്‍ ടീമിനൊപ്പം ചേര്‍ന്നു.
മധ്യനിരതാരം ഏണസ്റ്റീന്‍ ലാവ്‌സാംബ മാത്രമാണ് ടീമിനൊപ്പം ചേരാനുള്ളത്.
ഞാന്‍ കഴിഞ്ഞ സീസണ്‍ മുതല്‍ കണ്ണൂര്‍ വാരിയേഴ്‌സ് കുടുംബത്തിന്റെ ഭാഗമാണ്. കഴിഞ്ഞ വര്‍ഷം നഷ്ടമായ കിരീടം ക്ലബിലേക്ക് എത്തിക്കുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. രണ്ടാം സീസണില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കളിക്കാന്‍ സാധിക്കുന്നതില്‍ ആകാംഷയിലാണ്. ആരാധകര്‍ക്കായി ഈ സീസണില്‍ പ്രത്യേക സമ്മാനമാണ് ഒരുക്കുന്നത് എന്ന് പരിശീലകന്‍ മാനുവല്‍ സാഞ്ചസ് പറഞ്ഞു.
ക്ലബിനെ അറിയുന്ന പരിശീലകനാണ് മാനുവല്‍ സാഞ്ചസ്. ആദ്യ സീസണില്‍ ടീമിനെ സെമി ഫൈനലിലെത്തിച്ച മാനുവല്‍ സാഞ്ചസിന് രണ്ടാം സീസണില്‍ ടീമിനെ കിരീടത്തത്തിലേക്ക് നയിക്കാന്‍ സാാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കണ്ണൂര്‍ വാരിയേഴ്‌സ് സ്‌പോര്‍ട്ടിംങ് ഡയറക്ടര്‍ ജുവല്‍ ജോസ് പറഞ്ഞു. യുവ താരങ്ങള്‍ക്ക് അവസരം നല്‍ക്കുന്ന പരിശീലകനായതിനാല്‍ ഭാവിയില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് ഗുണം ചെയ്യുമെന്ന് കൂട്ടിചേര്‍ത്തു.