പാകിസ്ഥാനെതിരായ നിർണ്ണായക പോരാട്ടത്തിന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ യു.എ.ഇ. ഒരുങ്ങുമ്പോൾ ടീം കോച്ച് ലാൽചന്ദ് രജ്പുത് ശുഭാപ്തിവിശ്വാസത്തിലാണ്. ഏഷ്യാ കപ്പ് 2025-ലെ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടാൻ ഈ മത്സരം യു.എ.ഇക്ക് നിർണായകമാണ്. ടീം ഭയമില്ലാതെ കളിക്കുമെന്നും, ഒമാനെതിരായ തങ്ങളുടെ മുൻ വിജയം പ്രചോദനമാകുമെന്നും രജ്പുത് ഊന്നിപ്പറഞ്ഞു.

ഒമാനെതിരായ മത്സരത്തിൽ മുഹമ്മദ് വസീമും അലിഷാൻ ഷറഫുവും ചേർന്ന് നേടിയ 88 റൺസിൻ്റെ മികച്ച കൂട്ടുകെട്ടും, ജുനൈദ് സിദ്ദിഖി ബൗളിംഗിൽ കാഴ്ചവെച്ച പ്രകടനവും അദ്ദേഹം എടുത്തുപറഞ്ഞു. പാകിസ്ഥാനെതിരായ മുൻ ട്രൈ-സീരീസ് മത്സരങ്ങളിലെ പ്രകടനം, പ്രത്യേകിച്ചും ആസിഫ് ഖാൻ്റെ 35 പന്തിലെ 77 റൺസ്, സമ്മർദ്ദം കൈകാര്യം ചെയ്യാൻ ടീമിനെ സജ്ജമാക്കിയെന്നും രജ്പുത് വിശ്വസിക്കുന്നു.
തുടക്കത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടെങ്കിലും യു.എ.ഇയുടെ ആത്മവിശ്വാസം ഒട്ടും ചോർന്നിട്ടില്ല. ഇന്ത്യയുമായുള്ള മത്സരം ടീമിനെ കൂടുതൽ കരുത്തരാക്കിയ ഒരു പാഠമായിട്ടാണ് രജ്പുത് കാണുന്നത്. “ഒരു നല്ല പ്രകടനം മതി… ഒരു ടീം എന്ന നിലയിൽ ഞങ്ങൾക്ക് തീർച്ചയായും സൂപ്പർ ഫോറിൽ എത്താൻ കഴിയും,” അദ്ദേഹം പറഞ്ഞു. പാകിസ്താനെ നേരിടുന്നതിൽ ഭയമില്ല. അവരെ അടുത്തിടെ നേരിട്ടത് സഹായകരമാകും. അദ്ദേഹം കൂട്ടിച്ചേർത്തു.