കൊളംബോയിലെ റേസ്കോഴ്സ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന സാഫ് അണ്ടർ 17 ചാമ്പ്യൻഷിപ്പ് 2025-ൽ ഇന്ത്യയുടെ അണ്ടർ 17 പുരുഷ ടീം മാലിദ്വീപിനെതിരെ തകർപ്പൻ വിജയം നേടി. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത 6 ഗോളുകൾക്കാണ് ഇന്ത്യയുടെ യുവനിര ജയിച്ചുകയറിയത്.
മത്സരത്തിലുടനീളം ആക്രമണ ഫുട്ബോൾ കാഴ്ചവെച്ച ഇന്ത്യൻ ടീം തുടക്കം മുതൽ ആധിപത്യം പുലർത്തി. ദല്ലാൽമുൻ ഗാംഗ്‌തെ രണ്ട് ഗോളുകൾ നേടിയപ്പോൾ, ഹൃഷികേശ് ചരൺ മാനവതി, കംഗുഹാവോ ഡൂംഗൽ, വാങ്ഖീരാക്പാം ഗുൺലീബ, ആസിം പർവേസ് നജാർ എന്നിവരും ഓരോ ഗോൾ നേടി.
മികച്ച മുന്നേറ്റങ്ങളും കൃത്യമായ പാസുകളും കൊണ്ട് മാലിദ്വീപ് പ്രതിരോധത്തെ ഇന്ത്യ പലതവണ തകർത്തു. നിരവധി അസിസ്റ്റുകൾ നൽകിയ വാങ്ഖീരാക്പാം ഗുൺലീബ ഒരു ഗോൾ നേടുകയും ചെയ്തു. ഗാംഗ്‌തെ പെനാൽട്ടിയിലൂടെയും, പകരക്കാരനായി വന്ന ആസിം പർവേസ് നജാർ ഹെഡറിലൂടെയും ഗോൾ നേടി ഇന്ത്യയുടെ ആധികാരിക വിജയം പൂർത്തിയാക്കി.