കൊച്ചി, 16/09/2025 — പ്രഥമ സീസണിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം, സൂപ്പർ ലീഗ് കേരള രണ്ടാം പതിപ്പുമായി തിരിച്ചെത്തുന്നു. ഇത്തവണ കളിക്കളത്തിൽ ആവേശം അലതല്ലും, ലീഗിലെ ആറ് ക്ലബ്ബുകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലകരെ തങ്ങളുടെ കൂടാരങ്ങളിൽ എത്തിച്ചതോടെ സൂപ്പർ ലീഗ് സീസൺ 2 വീറും വാശിയുമേറിയ മത്സരങ്ങൾക്ക് വേദിയാകും . “കേരളത്തിന്റെ സ്വന്തം ലീഗ്” എന്ന് വിശേഷിപ്പിച്ച് കേരളക്കര സൂപ്പർ ലീഗ് കേരള സീസൺ 1 നെ ഹൃദയപൂർവം സ്വീകരിച്ചിരുന്നു. ഇപ്പോൾ, ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങുമ്പോൾ, ആറ് ഫ്രാഞ്ചൈസികളും പുതിയ സീസണിനായി മുഖ്യ പരിശീലകരെ എത്തിച്ച് മത്സരം കടുപ്പിച്ചിരിക്കുകയാണ്.
ലീഗിലെ ആറ് ക്ലബ്ബുകളിൽ മൂന്ന് ക്ലബ്ബുകളും സ്പാനിഷ് പരിശീലകരെ നിയോഗിച്ചപ്പോൾ, മറ്റുള്ളവർ അർജന്റീന, ഇംഗ്ലണ്ട്, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പരിചയസമ്പന്നരായ ഫുട്ബോൾ തന്ത്രജ്ഞരെയാണ് തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുന്നത്. വിദേശ പരിശീലകരുടെ വരവോടുകൂടി സൂപ്പർ ലീഗ് കേരളയുടെ മത്സരങ്ങളുടെ നിലവാരം ഉയരുന്നതിനൊപ്പം, കേരളത്തിലെ പ്രാദേശിക താരങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും സാധിക്കും.

കണ്ണൂർ വാരിയേഴ്സ് മാത്രമാണ് സീസൺ 1-ലെ തങ്ങളുടെ പരിശീലകനെ നിലനിർത്തിയ ഏക ക്ലബ്. കഴിഞ്ഞ വർഷം സെമിഫൈനലിലേക്ക് ടീമിനെ നയിച്ച സ്പാനിഷ് തന്ത്രജ്ഞൻ മാനുവൽ സാഞ്ചസ് മുരിയസിനെയാണ് കണ്ണൂർ ഇക്കുറിയും തങ്ങളുടെ താരങ്ങളെ നയിക്കാൻ ചുമതലപെടുത്തിയിട്ടുള്ളത്. പ്രതീക്ഷകൾക്കൊത്ത് ആദ്യ സീസണിന് തിളങ്ങാൻ കഴിയാതെപോയ മലപ്പുറം എഫ്. സി, പനാമൻ ക്ലബ്ബുകളെ പരിശീലിപ്പിച്ച് മികച്ച പരിചയസമ്പത്തുള്ള 34 വയസ്സുകാരനായ യുവ സ്പാനിഷ് മാനേജർ മിഗ്വൽ കോറലിനെയാണ് തങ്ങളുടെ സീസൺ 2 വിന്റെ പ്രതീക്ഷകൾക്ക് നിറമേകാൻ എത്തിച്ചിട്ടുള്ളത്. സീസൺ 1 കിരീടം കൈയകലെ നഷ്ടപെട്ട ഫോഴ്‌സ കൊച്ചിയും സ്പാനിഷ് കരുത്തിൽ വിശ്വാസമർപ്പിച്ചാണ് മിക്കൽ ലാഡോ പ്ലാനയെ തങ്ങളുടെ വിജയ യാത്രയ്ക്ക് നേതൃത്വം നൽകാനും, കിരീടത്തിലേക്ക് നയിക്കാനും ചുമതലപ്പെടുത്തിയിരിക്കുന്നത്.
നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ് എഫ്‌സി അർജന്റീനിയൻ കോച്ച് എവർ അഡ്രിയാനോ ഡെമാൽഡെയാണ് മുഖ്യ പരിശീലകനായി നിയമിച്ചിരിക്കുന്നത. 44 വയസ്സുകാരനായ എവർ ഫ്രഞ്ച് വമ്പൻമാരായ ഒളിമ്പിക് മാഴ്സെയ്‌ക്കൊപ്പവും സൗദി അറേബ്യൻ ദേശീയ ടീമിനൊപ്പവും അസിസ്റ്റന്റ് മാനേജരായി പ്രവർത്തിച്ച അനുഭവസമ്പത്തുണ്ട്. തിരുവനന്തപുരം കൊമ്പൻസ് തങ്ങളെ പരിശീലിപ്പിച്ച ബ്രസീലിയൻ പരിശീലകൻ സെർജിയോ അലക്സാണ്ടറിന് പകരം ഇംഗ്ലീഷ് മാനേജർ ജെയിംസ് മക്അലൂണിനെയാണ് ടീമിലെത്തിച്ചിരിക്കുന്നത്. അതേസമയം, ഉദ്ഘാടന സീസണിൽ കാര്യമായ പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ പോയ തൃശ്ശൂർ മാജിക് എഫ് . സി , റഷ്യൻ തന്ത്രങ്ങൾ തേടി മുഖ്യ പരിശീലകനായി ആൻഡ്രെയ് ചെർണിഷോവുമായി കരാറിലെത്തിയിട്ടുണ്ട്. മുഹമ്മദൻ എസ്‌സിയെ പരിശീലിപ്പിച്ച് അനുഭവസമ്പത്തുള്ള ചെർണിഷോവ്, മുഹമ്മദൻ എസ. സി യെ ഐ-ലീഗ് കിരീടത്തിലേക്കും ഒടുവിൽ ഐഎസ്‌എല്ലിലേക്ക് നയിച്ചതും 57കാരനായ ചെർണിഷോവാണ്.
ENDS
For media inquiries, please contact:
Hari Krishnan T V
Media Manager
[email protected]
7902306894,9567554233