ഏഷ്യാ കപ്പ് 2025-ൽ യുഎഇയുമായുള്ള നിർണായക ഗ്രൂപ്പ് എ മത്സരത്തിന് മുന്നോടിയായി പാകിസ്ഥാൻ പ്രീ-മാച്ച് പ്രസ് കോൺഫറൻസ് റദ്ദാക്കി. ടൂർണമെന്റ് ബഹിഷ്കരിക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ നീക്കം. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് ശേഷം മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയോട് ഇന്ത്യയുടെ സൂര്യകുമാർ യാദവുമായി ഹസ്തദാനം ചെയ്യരുതെന്ന് നിർദ്ദേശിച്ചുവെന്ന ആരോപണമാണ് ഈ വിവാദങ്ങൾക്ക് കാരണം.

ഇതിനെ തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനും (ഐസിസി) ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനും (എസിസി) പൈക്രോഫ്റ്റിനെതിരെ ഔദ്യോഗികമായി പരാതി നൽകിയിരുന്നു. എന്നാൽ, ടൂർണമെന്റിൽ നിന്ന് പൈക്രോഫ്റ്റിനെ നീക്കണമെന്ന പിസിബിയുടെ ആവശ്യം ഐസിസി തള്ളി. ഇത് ഇരു ബോർഡുകൾ തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുകയും പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പിന്മാറിയേക്കുമോ എന്ന ചോദ്യം ഉയർത്തുകയും ചെയ്തു.
അതേസമയം, ഈ വിഷയത്തിൽ ക്യാപ്റ്റന് കൃത്യമായ വിവരങ്ങൾ നൽകാത്തതിന് പാകിസ്ഥാൻ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഓപ്പറേഷൻസ് ഉസ്മാൻ വാൽഹയെ പുറത്താക്കിയതായും റിപ്പോർട്ടുകളുണ്ട്. പിന്മാറുമെന്ന ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും, ഐസിസിയുടെ ഉപരോധങ്ങൾ ഒഴിവാക്കാൻ പിസിബി ടൂർണമെന്റിൽ തുടർന്നേക്കുമെന്നും സൂചനയുണ്ട്.