വനിതാ ലോകകപ്പിന് മുന്നോടിയായി സ്മൃതി മന്ദാന ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്
ന്യൂ ചണ്ഡിഗഢിൽ ഓസ്ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അർദ്ധസെഞ്ചുറി നേടിയതോടെയാണ് ഇന്ത്യൻ താരം സ്മൃതി മന്ദാന വനിതാ ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.

58 റൺസ് നേടിയ മന്ദാന, ഇംഗ്ലണ്ട് ക്യാപ്റ്റൻ നാറ്റ് സ്കൈവർ-ബ്രണ്ടിനെ നാല് റേറ്റിംഗ് പോയിൻ്റിന് പിന്നിലാക്കിയാണ് ലോക ഒന്നാം നമ്പർ ബാറ്റ്സ് വുമണായത്. വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025-ന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മന്ദാനയുടെ ഈ നേട്ടം.
ഇതാദ്യമായല്ല മന്ദാന ഈ നേട്ടം കൈവരിക്കുന്നത്. ഈ വർഷം ജൂണിലും ജൂലൈയിലും താരം ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. 2019-ലും മന്ദാന ഒന്നാം റാങ്കിലെത്തിയിരുന്നു. ബാറ്റിംഗിലെ സ്ഥിരതയും ടോപ്പ് ഓർഡറിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതുമാണ് മന്ദാനയെ വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാക്കി മാറ്റുന്നത്.
രണ്ടാഴ്ചയിൽ താഴെ മാത്രം ലോകകപ്പിനുള്ളപ്പോൾ മന്ദാനയുടെ ഈ ഫോം ഇന്ത്യക്ക് നിർണായകമാകും.
റാങ്കിംഗിൽ മറ്റ് ഇന്ത്യൻ താരങ്ങളും മുന്നേറ്റമുണ്ടാക്കി. പ്രതീക് റാവൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 42-ാം സ്ഥാനത്തും ഹർലീൻ ഡിയോൾ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 43-ാം സ്ഥാനത്തും എത്തി. ഓസ്ട്രേലിയൻ താരങ്ങളിൽ ബെത്ത് മൂണി 77 റൺസുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. അനാബെൽ സതർലാൻഡ്, ഫോബി ലിച്ച്ഫീൽഡ് എന്നിവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ സ്നേഹ റാണ 13-ാം സ്ഥാനത്തേക്ക് മെച്ചപ്പെട്ടു. ഓസ്ട്രേലിയയുടെ കിം ഗാർത്ത് നാലാം സ്ഥാനത്തും അലന കിംഗ് അഞ്ചാം സ്ഥാനത്തുമെത്തി കരിയറിലെ മികച്ച നേട്ടം സ്വന്തമാക്കി. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഓസ്ട്രേലിയയുടെ ആഷ് ഗാർഡ്നർ ഒന്നാം റാങ്ക് നിലനിർത്തി.