കല്‍പ്പറ്റ: വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിന്റെ മനോഹാരാതയില് അത്യുജ്ജ്വല പോരാട്ടങ്ങള്‍കൊണ്ട് സമ്പന്നമായ അദാനി ടിവാന്‍ഡ്രം റോയല്‍സ് ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗില്‍ മുത്തമിട്ട് എറണാകുളം. ആവേശം നിറഞ്ഞ മത്സരത്തില്‍ തിരുവനന്തപുരം സ്ട്രേക്കേഴ്സിനെ പരാജയപ്പെടുത്തിയാണ് എറണാകുളം ചാമ്പ്യന്മാരായത്. കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ വയനാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മത്സരം മാധ്യമപ്രവര്‍ത്തകരുടെ ക്രിക്കറ്റ് കളിമികവിനാല്‍ സമ്പന്നമായിരുന്നു.

മൂന്ന് ദിവസം നീണ്ടുനിന്ന ടൂര്‍ണമെന്റ് വയനാട് മീനങ്ങാടി കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പ്രിയങ്ക ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് എറണാകുളം, പാലക്കാട്, കോട്ടയം, തിരുവനന്തപുരം സ്ട്രേക്കേഴ്സ് എന്നീ ടീമുകളാണ് സെമിയിലേക്ക് യോഗ്യത നേടിയത്. ആദ്യ സെമിയില്‍ കോട്ടയത്തെ തകര്‍ത്ത് തിരുവനന്തപുരം സ്ട്രേക്കേഴ്സും രണ്ടാം സെമിയില്‍ പാലക്കാടിനെ തകര്‍ത്ത് എറണാകുളവും കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.
ഫൈനലിൽ ടിവാൻഡ്രം സ്ട്രൈക്കേഴ്സിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തി കൊച്ചി പ്രസ് ക്ളബ് ജേതാക്കളായി . എറണാകുളത്തിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാന് അഭിലാഷിന്റെ ബാറ്റിംഗ് മികവിലാണ് എറണാകുളം കിരീടം നേടിയത്. വിജയികളായ കൊച്ചി പ്രസ് ക്ളബിന് അദാനി ട്രിവാൻഡ്രം ഇൻ്റർനാഷണൽ ചീഫ് എയർപോർട്ട് ഓഫീസർ രാഹുൽ ബട്ട്കോട്ടി അദാനി ട്രിവാൻഡ്രം റോയൽസ് ചാമ്പ്യൻസ് ട്രോഫിയും ഒരു ലക്ഷം രൂപ സമ്മാനത്തുകയും നൽകി.
റണ്ണേഴ്സ് അപായ ട്രിവാൻഡ്രം സ്ട്രൈക്കേഴ്സിന് അദാനി ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ചീഫ് മഹേഷ് ഗുപ്തൻ ട്രോഫിയും അര ലക്ഷം രൂപ സമ്മാനതുകയും കൈമാറി. മികച്ച ഓൾ റൗണ്ടറായി കൊച്ചിയുടെ അഭിലാഷും മികച്ച ബൗളറായി തിരുവനന്തപുരത്തിൻ്റെ വി വി അരുണും ബാറ്ററായി കൊച്ചിയുടെ അഭിലാഷും വിക്കറ്റ് കീപ്പറായി ദീപുവും സമ്മാനങ്ങൾ ഏറ്റുവാങ്ങി.
സമാപന സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പൊലീസ് ചീഫ് തപോഷ് ബസുമതാരി മുഖ്യാതിഥിയായിരുന്നു.കേരള പത്ര പ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ.പി റജി, സെക്രട്ടറി സുരേഷ് എടപ്പാള്‍, ട്രഷറര്‍ മധുസൂദനന് കര്‍ത്ത, കേരള പത്ര പ്രവര്‍ത്തക യൂണിയന് സ്പോര്‍ട്സ് കണ്‍വീനര്‍ ജോയ് നായര്‍, വയനാട് പ്രസ്ക്ലബ് പ്രസിഡന്റ് കെ.എസ് മുസ്തഫ, സെക്രട്ടറി ജോമോന് ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കേരളത്തിലെ വിവിധ പ്രസ് ക്ലബ് ടീമുകളില്‍ നിന്നായി മൂന്നൂറിലധികം മാധ്യമപ്രവര്‍ത്തകര്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി. ടൂര്ണമെന്റിനോട് അനുബന്ധിച്ച് സെലിബ്രിറ്റി ടീമുകള്‍ പങ്കെടുക്കുന്ന മല്‍സരങ്ങളും മെഗാ മ്യൂസിക്കല്‍ ഇവന്റും നടന്നു.