ഏഷ്യാ കപ്പ് 2025-ൻ്റെ ഭാഗമായി മാച്ച് റഫറി ആൻഡി പൈക്രോഫിനെ മാറ്റണമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ (പിസിബി) ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തള്ളിയേക്കും. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് ശേഷം, ഇന്ത്യൻ കളിക്കാർ പാകിസ്ഥാൻ ടീമുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇത് പൈക്രോഫിന്റെ നിർദ്ദേശപ്രകാരമാണെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്.

ഐസിസി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഇത്തരം ആവശ്യങ്ങൾ സാധാരണയായി പരിഗണിക്കപ്പെടാറില്ലെന്നും ഐസിസി തങ്ങളുടെ ഉദ്യോഗസ്ഥന് പിന്തുണ നൽകുമെന്നും സൂചനകളുണ്ട്.
ഐസിസി കോഡ് ഓഫ് കണ്ടക്ടും ക്രിക്കറ്റിന്റെ സ്പിരിറ്റും ലംഘിച്ചുവെന്ന് ആരോപിച്ച് പിസിബി പൈക്രോഫിനെതിരെ ഔദ്യോഗികമായി പരാതി നൽകിയിരുന്നു.
പൈക്രോഫിനെ മാറ്റാൻ ഐസിസി തയ്യാറായില്ലെങ്കിൽ യുഎഇയുമായുള്ള നിർണായക ഗ്രൂപ്പ് മത്സരം പാകിസ്ഥാൻ ബഹിഷ്കരിക്കുമെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി അറിയിച്ചു. മത്സരം ബഹിഷ്കരിച്ചാൽ പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്താകുകയും യുഎഇക്ക് സ്വയമേവ വിജയം ലഭിക്കുകയും ചെയ്യും. സൂപ്പർ ഫോറിൽ അവർക്ക് സ്ഥാനം ലഭിക്കുകയും ചെയ്യും. അതേസമയം, അടുത്തിടെ നടന്ന ഭീകരാക്രമണത്തിലെ ഇരകളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനാണ് തങ്ങളുടെ ടീം ഹസ്തദാനം ചെയ്യാതിരുന്നത് എന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രതികരിച്ചു.