ലണ്ടൻ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ ടോട്ടനം ഹോട്ട്സ്പർ 3-0ന് വിജയം നേടി. ടോട്ടനത്തിന്റെ കൃത്യതയാർന്ന ഫിനിഷിംഗുകളും വെസ്റ്റ് ഹാമിന് ലഭിച്ച ചുവപ്പ് കാർഡും മത്സരത്തിൽ നിർണായകമായി.

ആദ്യ പകുതി ഗോൾരഹിതമായിരുന്നു. ഇടവേളയ്ക്ക് ശേഷം 47-ാം മിനിറ്റിൽ സാവി സിമോൺസിന്റെ കോർണറിൽ നിന്ന് പാപെ മാറ്റർ സാർ ഹെഡ്ഡറിലൂടെ ടോട്ടനത്തിന് ലീഡ് നേടിക്കൊടുത്തു. 54-ാം മിനിറ്റിൽ ജോവോ പലിഞ്യയെ ഫൗൾ ചെയ്തതിന് വെസ്റ്റ് ഹാമിന്റെ തോമസ് സൗചെക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മത്സരത്തിൽ വഴിത്തിരിവായി.
പിന്നീട് 10 പേരായി ചുരുങ്ങിയ വെസ്റ്റ് ഹാമിനെതിരെ ടോട്ടനം ആധിപത്യം സ്ഥാപിച്ചു. 57-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേറോയുടെ ലോംഗ് പാസിൽ നിന്ന് ലൂക്കാസ് ബെർഗ്‌വാൾ ഹെഡ്ഡറിലൂടെ ടോട്ടനത്തിന്റെ രണ്ടാം ഗോൾ നേടി. 64-ാം മിനിറ്റിൽ ബെർഗ്‌വാളിന്റെ അസിസ്റ്റിൽ നിന്ന് പ്രതിരോധ താരം മത്യാസ് വാൻ ഡി വെൻ ഗോൾ നേടിയതോടെ ടോട്ടനത്തിന്റെ വിജയം ഉറപ്പിച്ചു.
വെസ്റ്റ് ഹാം ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും വ്യക്തമായ അവസരങ്ങൾ സൃഷ്ടിക്കാൻ അവർക്ക് സാധിച്ചില്ല. ഈ വിജയത്തോടെ ടോട്ടനം പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. വെസ്റ്റ് ഹാം 18-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.