മാഞ്ചസ്റ്റർ ഡെർബിയുടെ 197-ാമത്തെ പോരാട്ടത്തിന് ഇന്ന് എത്തിഹാദ് സ്റ്റേഡിയം വേദിയാകും. ഇന്ത്യൻ സമയം രാത്രി 9:00ന് (ബ്രിട്ടീഷ് സമയം വൈകുന്നേരം 4:30) ആരംഭിക്കുന്ന ഈ മത്സരം പ്രീമിയർ ലീഗ് സീസണിലെ തിരച്ചടികൾ മറികടക്കാൻ ഇരു ടീമുകൾക്കും നിർണായകമാണ്. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ 16-ാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു പോയിന്റ് മാത്രം മുന്നിൽ 11-ാം സ്ഥാനത്തുണ്ട്.

പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റി, എഡേഴ്സൺ ക്ലബ് വിട്ടതിന് ശേഷം പുതിയ ഗോൾകീപ്പർ ജിയാൻലൂയിജി ഡൊണ്ണറുമ്മയെ ഇന്ന് ഇറക്കും. എർലിംഗ് ഹാളണ്ടിനെപ്പോലുള്ള ആക്രമണനിരയിലെ പ്രഗത്ഭർ സിറ്റിക്കുണ്ടെങ്കിലും, ഒമർ മർമൂഷിനെപ്പോലുള്ള പ്രധാന താരങ്ങളുടെ പരിക്ക് ടീമിന് വെല്ലുവിളിയാണ്.
അതേസമയം, റൂബൻ അമോറിം പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരതയില്ലാത്ത പ്രകടനമാണ് ഈ സീസണിലും ഇതുവരെ കാഴ്ചവെച്ചത്. ലീഗ് കപ്പിൽ താഴ്ന്ന ഡിവിഷൻ ടീമിനോട് പരാജയപ്പെട്ട അവർക്ക് ബേൺലിക്കെതിരായ അവസാന നിമിഷത്തിലെ വിജയമാണ് ആത്മവിശ്വാസം നൽകുന്നത്. കഴിഞ്ഞ സീസണിൽ എതിഹാദിൽ 2-1ന് നേടിയ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിന് കൂടുതൽ പ്രചോദനമാകും. കുഞ്ഞ്യ, മൗണ്ട്, ഡാലോട്ട് എന്നിവർ അവർക്ക് ഒപ്പം ഇന്ന് ഉണ്ടാകില്ല.
ഇന്ത്യൻ ആരാധകർക്ക് രാത്രി 9:00 മുതൽ ജിയോ ഹോട്ട്സ്റ്റാർ, സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക് എന്നിവയിൽ മത്സരം തത്സമയം കാണാം.