നീണ്ട ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യയുടെ ‘ബ്രദേഴ്സ് ഓഫ് ഡിസ്ട്രക്ഷൻ’ എന്ന് വിളിപ്പേരുള്ള സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം 2025-ലെ ഹോങ്കോങ് ഓപ്പൺ സൂപ്പർ 500 ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. തായ്പേയുടെ ചെൻ ചെങ് കുവാൻ-ലിൻ ബിങ്-വെയ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-17, 21-15) പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ജോഡി ഫൈനൽ ബർത്ത് ഉറപ്പിച്ചത്.
ഈ വർഷം അഞ്ച് തവണ സെമിഫൈനലിൽ തോൽവി ഏറ്റുവാങ്ങിയതിന് ശേഷമാണ് ഇവർ ഫൈനലിലേക്ക് മുന്നേറുന്നത്. അതുകൊണ്ട് തന്നെ ഈ ഫൈനൽ പ്രവേശം ഈ പോരാളികൾക്ക് ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. 2024-ലെ തായ്ലൻഡ് ഓപ്പൺ വിജയത്തിന് ശേഷം കിരീടങ്ങളില്ലാതെ വലഞ്ഞ ഇവർക്ക് ഈ വിജയം വലിയ ആശ്വാസം നൽകുന്നു.