ഏജന്റുമാർക്കും ഇടനിലക്കാർക്കും നൽകിയ പണവുമായി ബന്ധപ്പെട്ട് 13 വർഷത്തിനിടെ 74 നിയമലംഘനങ്ങൾ നടത്തിയതിന് ചെൽസി ഫുട്ബോൾ ക്ലബ്ബിനെതിരെ ഫുട്ബോൾ അസോസിയേഷൻ (എഫ്.എ) കുറ്റം ചുമത്തി. റോമൻ അബ്രമോവിച്ച് ലണ്ടൻ ക്ലബ്ബിന്റെ ഉടമസ്ഥനായിരുന്ന 2010-11 മുതൽ 2015-16 സീസണുകൾ വരെയുള്ള കേസുകളാണ് ഇതിലേറെയും.

കളിക്കാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ഏജന്റുമാർക്കുള്ള ഫീസ്, ഇടനിലക്കാരുടെ പങ്കാളിത്തം, മൂന്നാം കക്ഷികളുമായുള്ള നിക്ഷേപ കരാറുകൾ എന്നിവയിലെ സാമ്പത്തിക ക്രമക്കേടുകളാണ് പ്രധാനമായും കുറ്റപത്രത്തിലുള്ളത്.
2022-ൽ ക്ലബ്ബിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്ത ടോഡ് ബോഹ്ലിയും ക്ലിയർലേക്ക് ക്യാപിറ്റലും തങ്ങൾ പൂർണ്ണമായും സുതാര്യമായാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് വ്യക്തമാക്കി. പുതിയ ഉടമസ്ഥർ ക്ലബ്ബിന്റെ സാമ്പത്തിക കാര്യങ്ങൾ പരിശോധിക്കുന്നതിനിടെ ക്രമക്കേടുകൾ കണ്ടെത്തുകയും ഉടൻ തന്നെ എഫ്.എയെയും മറ്റ് റെഗുലേറ്റർമാരെയും വിവരം അറിയിക്കുകയും ചെയ്തതായി ചെൽസി പ്രസ്താവനയിൽ പറഞ്ഞു.
സെപ്തംബർ 19-നകം കുറ്റാരോപണങ്ങളോട് ഔദ്യോഗികമായി പ്രതികരിക്കാൻ ചെൽസിക്ക് സമയം നൽകിയിട്ടുണ്ട്.