കണ്ണൂര്‍: കേരള ബ്ലാസ്‌റ്റേഴ്‌സ് താരം എബിന്‍ ദാസ് സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന് വേണ്ടി ബൂട്ട് കെട്ടും. കരാര്‍ അടിസ്ഥാനത്തിലാണ് താരത്തെ വാരിയേഴ്‌സ് ടീമിലെത്തിച്ചത്. മധ്യനിരതാരമാണ്. ആവശ്യഘട്ടത്തില്‍ വിങ്ങറായും കളിക്കാന്‍ സാധിക്കുമെന്നത് ടീമിന് ഗുണം ചെയ്യും. മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനൊപ്പം ഗോള്‍ അടിക്കുകയും അടിപ്പിക്കുകയും ചെയ്യുന്നതാണ് താരത്തിന്റെ കളി ശൈലി.
കേരള ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമില്‍ കളിച്ച താരം 2024-25 സീസണില്‍ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സീനിയര്‍ ടീമിനായി അരങ്ങേറി. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് താരം അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ സീസണില്‍ കേരള പ്രമീയര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച താരം 13 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളും നേടി.

ഇന്ത്യന്‍ കുപ്പായത്തില്‍ അണ്ടര്‍ 16, 19, 20 വിഭാഗത്തില്‍ കളിച്ചിട്ടുണ്ട്. 2020-21 സീസണില്‍ അണ്ടര്‍ 16 വിഭാഗത്തില്‍ ദുബായില്‍ വെച്ച് നടന്ന ഫുട്‌ബോള്‍ പര്യടനത്തിലാണ് ആദ്യം ഇന്ത്യന്‍ കുപ്പായം അണിഞ്ഞത്. ആ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വേണ്ടി അബുദാബി ക്ലബിനെതിരെ ഗോളും നേടി. ആ വര്‍ഷത്തെ കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ മികച്ച താരത്തിനുള്ള പുരസ്‌കരവും സ്വന്തമാക്കി. അണ്ടര്‍ 20 വിഭാഗത്തില്‍ സാഫ് കപ്പ്, ഏഷ്യ കപ്പ് എന്നീ മത്സരങ്ങളും കളിച്ചു. 2023 ല്‍ നടന്ന അണ്ടര്‍ 19 വിഭാഗം സാഫ് കപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി അണ്ടര്‍ 14 വിഭാഗത്തില്‍ കളിച്ച താരം ആറ് മത്സരങ്ങളില്‍ നിന്നായി രണ്ട് ഹാട്രിക്ക് അടക്കം പത്ത് ഗോളാണ് നേടിയത്.
ലിറ്റില്‍ ഫ്‌ളവര്‍ ഫുട്‌ബോള്‍ അക്കാദമി, ഗോകുലം കേരള എഫ്.സി., എന്നീ ടീമുകള്‍ക്ക് വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്. തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശിയാണ്.